ഇസ്ലാമാബാദ്- ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ (ഇവിഎം) ഒഴിവാക്കണമെന്ന മുറവിളി തുടരുമ്പോള്‍ പാക്കിസ്ഥാന്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഇ.വി.എമ്മിലേക്ക് നീങ്ങുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പിലും സെനറ്റ് വോട്ടെടുപ്പിലും യന്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഊന്നിപ്പറഞ്ഞു.
മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇ.വി.എമ്മിന്റെ കാര്യത്തിലും വിദേശങ്ങളിലുള്ള പാക്കിസ്ഥാനികള്‍ക്ക് പ്രതിനിധി വോട്ടവകാശം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുകയും സമ്പന്ന രാജ്യങ്ങളില്‍ കൊണ്ടു പോയി കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
പ്രതിവര്‍ഷം 1,000 ബില്യണ്‍ ഡോളറാണ് ദരിദ്ര രാജ്യങ്ങളില്‍ നിന്ന് സമ്പന്ന രാജ്യങ്ങളിലേക്ക് കടത്തുന്നതെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി സ്വന്തമാക്കിയ പണം വിദേശത്തേക്ക് മാറ്റിയതിലൂടെ മുന്‍ ഭരണാധികാരികള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ കിട്ടുന്നതിനു മാത്രമാണ് ഇത്തരം അഴിമതിക്കാര്‍ രാജ്യത്ത് മെഗാ പ്രോജക്ടുകള്‍ ആരംഭിച്ചതെന്നും മുന്‍ ഭരണാധികാരികളുടെ അഴിമതി മൂലമാണ് രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.