കൊച്ചി- സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിനെതിരെ സി.പി.എം. കസ്റ്റംസ് കമ്മിഷണർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എം കേസ് ഫയൽ ചെയ്യാൻ അനുമതി തേടി അഡ്വക്കറ്റ് ജനറലിന് അപേക്ഷ നൽകി. എ.ജി, കസ്റ്റംസ് കമ്മിഷണറുടെ വിശദീകരണം തേടി.
പ്രതികൾ മജിസ്‌ട്രേറ്റിനു നൽകുന്ന രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നൽകാവൂ എന്നാണ് വ്യവസ്ഥ. കേസ് അന്വേഷണത്തിന് മാത്രമേ ഈ മൊഴി ഉപയോഗിക്കാവൂ എന്നിരിക്കെ, ഇതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനല്ലാത്ത കസ്റ്റംസ് കമ്മിഷണർ സത്യവാങ്മൂലം നൽകിയത് കോടതിയലക്ഷ്യമാണെന്നാണ് സി.പി.എം വാദം.
സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ബാംബൂ കോർപറേഷൻ ചെയർമാനുമായ കെ.ജെ.ജേക്കബ് ആണ് ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടിയത്.
അപേക്ഷ സ്വീകരിച്ച അഡ്വക്കറ്റ് ജനറൽ, സിപിഎമ്മിൻറെ പരാതിയിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കമ്മിഷണർക്ക് നോട്ടിസ് നൽകി. മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും സ്പീക്കർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ് കസ്റ്റംസ് കമ്മിഷണറുടെ സത്യവാങ്മൂലത്തിൽ പറയുന്നത്.