കൊച്ചി- മുന്‍ മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു എന്നിവര്‍ക്കായി ദല്‍ഹിയില്‍ ഹൈക്കമാന്റിന് മുന്നില്‍ ഉമ്മന്‍ ചാണ്ടി പിടിമുറുക്കുന്നു.
എട്ട് തവണ വിജയിച്ച ജോസഫിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. ഇരിക്കൂര്‍ സുരക്ഷിതമല്ലാത്തതിനാല്‍ കാഞ്ഞിരപ്പള്ളിയിലേക്ക് മാറാനാണ് അദ്ദേഹം നോക്കുന്നത്. എന്നാല്‍ സീറ്റ് നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. യുവാക്കള്‍ക്ക് നല്‍കാവുന്ന ഒരു സീറ്റാണ് നഷ്ടപ്പെടുത്തുന്നതെന്നാണ് അവരുടെ വാദം.
പക്ഷെ ഉമ്മന്‍ചാണ്ടിയുടെ മനസ്സാക്ഷിസൂക്ഷിപ്പുകാരനാണ് കെ.സി ജോസഫ്. അതിനാല്‍ തന്നെ അദ്ദേഹത്തെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്.
തൃപ്പൂണിത്തുറ സീറ്റ് തിരിച്ചുപിടിക്കാന്‍ കെ. ബാബുവിനെ തിരികെ കൊണ്ടുവരണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു. ശക്തമായ ത്രികോണ മത്സരം ഉണ്ടാകാന്‍ സാധ്യതയുള്ള മണ്ഡലമാണിത്. ബാര്‍ കോഴക്കേസിലാണ് കഴിഞ്ഞ തവണ കെ. ബാബുവിന് സീറ്റ് നഷ്ടമായത്. ഇത്തവണ ബാര്‍കോഴ അപ്രസക്തമാണ്. മാണി കേരളകോണ്‍ഗ്രസ് ഇടതുമുന്നണിയോടൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ബാര്‍കോഴ ഇനി ഉയരില്ലെന്നും മണ്ഡലത്തില്‍ വേരുകളുള്ള ബാബുവിന് വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ.