കൊല്‍ക്കത്ത- ഹൗറ റൂറൽ പൊലീസ് സൂപ്രണ്ടിന്റെ ഭാര്യ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായതിനെ തുടർന്ന് അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും താൽക്കാലികമായി നീക്കി. പൊലീസ് സൂപ്രണ്ടായ സൗമ്യ റോയിയെയാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ചുമതലകളിൽ നിന്നും നീക്കിയത്. റോയിയുടെ ഭാര്യയും നടിയുമായി ലവ്‍ലി മെയ്ത്ര സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാപൂർ ദക്ഷിൺ മണ്ഡലത്തിൽ നിന്നാണ് തൃണമൂൽ ടിക്കറ്റിൽ മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രകാരം സ്ഥാനാർത്ഥിയുടെ കുടുംബത്തിലുള്ള ഔദ്യോഗികസ്ഥാനത്തിരിക്കുന്ന ആരുംതന്നെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ പാടുള്ളതല്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. സൗമ്യ റോയ് തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഏതെങ്കിലും വിധത്തിൽ ഇടപെടുന്ന സാഹചര്യമുണ്ടാകില്ലെന്നും കമ്മീഷൻ പറഞ്ഞു. ഈ വിഷയത്തിൽ ബിജെപിയുടെ പരാതിയും വന്നിരുന്നു. ബിജെപി എംപിയായ അർജുൻ സിങ്ങാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി സമർപ്പിച്ചത്. സമാനമായ വേറെയും പരാതികൾ വേറെയും കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നറിയുന്നു. ഇതോടൊപ്പം ബംഗാളിലെ സിവിക് പൊലീസും ഗ്രീൻ പൊലീസും സ്റ്റുഡന്റ് പൊലീസും തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രവൃത്തികളിൽ നിന്ന് മാറി നിൽക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.