ചെന്നൈ- കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം 154 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 234 സീറ്റുകളാണ് ആകെയുള്ളത്. ബാക്കിയുള്ള 80 സീറ്റുകൾ തങ്ങളുടെ സഖ്യകക്ഷികളായ ഓൾ ഇന്ത്യ സമത്വ മക്കൾ കച്ചിക്കും ഇന്തിയ ജനനായക കച്ചിക്കുമായി വീതിച്ചു നൽകി. 40 സീറ്റുകൾ വീതമാണ് ഇരുവർക്കും നൽകിയിരിക്കുന്നത്.
ജനങ്ങളുടെ ദീർഘകാലമായുള്ള നിരവധിയായ പ്രതീക്ഷകളെ പൂർത്തീകരിക്കുന്നതിനായി തമിഴ്നാടിനെ പരിവർത്തിപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് എംഎൻഎം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. തമിഴ്നാടിന്റെ അഭിമാനത്തെ തിരിച്ചുപിടിക്കുകയെന്നതും ലക്ഷ്യമായി പറയുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 4 ശതമാനം വോട്ട് പിടിക്കാൻ എംഎൻഎമ്മിന് സാധിച്ചിരുന്നു. നഗരപ്രദേശങ്ങളിൽ 10 ശതമാനം വരെ വോട്ട് പിടിക്കാനായി.
കോയമ്പത്തൂരിൽ എംഎൻഎം വൈസ് പ്രസിഡണ്ടു കൂടിയാ സ്ഥാനാർത്ഥി ഡോ. ആർ മഹേന്ദ്രൻ പിടിച്ചത് 1.45 ലക്ഷം വോട്ടാണ്. മണ്ഡലത്തിലെ ആകെ വോട്ടിന്റെ 11.6 ശതമാനമാണിത്. ജനങ്ങളിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിച്ചാണ് മക്കൾ നീതി മയ്യം സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തത്. ഇതിനായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം സജ്ജീകരിച്ചു. അപേക്ഷരിൽ നിന്ന് ഷോർട്ട്‍ലിസ്റ്റ് ചെയ്തവരെ ഇന്റർവ്യൂ ചെയ്ത് അന്തിമമായ തീരുമാനമെടുത്തു. അഴിമതി ഇല്ലാതാക്കുക, തൊഴിൽ സൃഷ്ടിക്കുക, ഗ്രാമങ്ങളെ വികസിപ്പിക്കുക, ഇ ഗവേണൻസ് പൊതുജന സൌഹൃദമുള്ളതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് എംഎൻഎം മുമ്പോട്ടു വെക്കുന്നത്.