ന്യൂദൽഹി- നേതൃമാറ്റ അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ദൽഹിയിലെത്തി ബിജെപി പ്രസിഡന്റ് ജെപി നഡ്ഡയെ കണ്ടു. നഡ്ഡയുടെ ദൽഹിയിലെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ തന്റെ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയാണ് റാവത്ത് കൂടിക്കാഴ്ചയ്ക്ക് എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പാർട്ടിയിലെ സ്ഥിതിഗതികൾ സംബന്ധിച്ച ഒരു റിപ്പോർട്ട് സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൌതമും പാർട്ടി നിരീക്ഷകൻ രമൺ സിങ്ങും തയ്യാറാക്കി കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ചിരുന്നു.
റാവത്തിന്റെ പ്രവർത്തന ശൈലിയിൽ പരാതി പ്രകടിപ്പിച്ച് നിരവധി എംഎൽഎമാർ രംഗത്തെത്തിയിരുന്നു. മന്ത്രിമാരും ഇക്കൂട്ടത്തിലുണ്ട്. ഇതെത്തുടർന്നാണ് സ്ഥിതിഗതികൾ വിലയിരുത്താൻ ജനറൽ സെക്രട്ടറിയെയും നിരീക്ഷകനെയും വിട്ടത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയെ ദൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഇതിനകം തന്നെ നദ്ദയും അമിത് ഷായും ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും രണ്ടുതവണ കൂടിക്കാഴ്ച നടത്തുകയും സംസ്ഥാനത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയുമുണ്ടായി.
അജയ് ഭട്ട്, ധൻ സിങ് റാവത്ത്, അനിൽ ബലൂനി എന്നിവരുടെ പേരുകളാണ് റാവത്തിന് പകരമായി ഉയരുന്നത്. അതെസമയം റാവത്തിനെ മാറ്റുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അന്തിമമായി തീരുമാനിക്കുകയെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ദൽഹിയിലേക്ക് പോകുന്നതിനു മുമ്പ് ചില എംഎൽഎമാരെ കൂടെക്കൂട്ടാൻ റാവത്ത് ശ്രമം നടത്തിയിരുന്നു. എന്നാൽ ദൽഹിയിലേക്ക് വിളിപ്പിച്ചത് ശക്തിപ്രകടനത്തിനുള്ള വേദിയാക്കരുതെന്ന് ദേശീയനേതൃത്വത്തിൽ നിന്നും താക്കീത് ലഭിച്ചതോടെ അദ്ദേഹം പ്രസ്തുത നീക്കത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.