Sorry, you need to enable JavaScript to visit this website.

തൃണമൂൽ പ്രകടനപത്രിക ഇന്ന്; ശേഷം മമത നന്ദിഗ്രാമിലേക്ക്

കൊൽക്കത്ത- അസംബ്ലി തെരഞ്ഞെടുപ്പിലേക്കുള്ള തൃണമൂൽ കോൺഗ്രസ്സിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള വാഗ്ദാനങ്ങളായിരിക്കും പത്രികയിലെ പ്രധാന ഇനമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം നന്ദിഗ്രാമിൽ രണ്ട് യോഗങ്ങളിൽ മമത ബാനർജി പങ്കെടുക്കും. അടുത്ത ദിവസം തന്നെ മമത നോമിനേഷൻ സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. മാർച്ച് അഞ്ചിന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിനു ശേഷം ഇതാദ്യമായാണ് മമത മണ്ഡലത്തിലെത്തുന്നത്. ബിജെപിയുടെ സുവേന്ദു അധികാരിയാണ് മമതയുടെ പ്രധാന എതിരാളി. മാർച്ച് 12ന് ഇദ്ദേഹം നോമിനേഷൻ സമർപ്പിക്കുമെന്നാണ് വിവരം. 

താൻ നന്ദിഗ്രാമിന്റെ സ്വന്തം ആളാണെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. ജനിച്ചു വളർന്നത് നന്ദിഗ്രാമിലാണ്. മമത പരദേശിയാണെന്നും അദ്ദേഹം വാദിക്കുന്നു. എല്ലാ സീറ്റുകളിലും താനും ബിജെപിയും തമ്മിലാണ് മത്സരമെന്ന് മമത ബാനർജി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദി ഈ പോക്ക് പോയാൽ രാജ്യത്തിന്റെ പേര് തന്നെ മാറ്റുമെന്ന് കഴിഞ്ഞ ദിവസത്തെ റാലിയിൽ മമത പറയുകയുണ്ടായി. "പ്രധാനമന്ത്രി സ്റ്റേഡിയത്തിന് തന്റെ പേരിട്ടു. കോവിഡ് സർട്ടിഫിക്കറ്റുകളിൽ തന്റെ പടം ചേർത്തു. ഐഎസ്ആർഒയെക്കൊണ്ട് തന്റെ ചിത്രം ബഹിരാകാശത്തേക്ക് അയപ്പിച്ചു. രാജ്യത്തിന് തന്റെ പേരിടുന്ന ഒരു ദിവസം വരാനിരിക്കുന്നതേയുള്ളൂ," മമത പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളെ നന്നാക്കുന്നതിനു മുമ്പ് ദിവസവും നാല് ബലാൽസംഗവും രണ്ട് കൊലപാതകവും വീതം നടക്കുന്ന ഗുജറാത്ത് പോലുള്ള ബിജെപി സംസ്ഥാനങ്ങളിലേക്ക് നോക്കണമെന്നും അവർ വ്യക്തമാക്കി.

Latest News