Sorry, you need to enable JavaScript to visit this website.

രാജസ്ഥാനിലെ രാജകുടുംബങ്ങൾക്കു മുന്നിൽ  പത്മാവതി പ്രദർശിപ്പിക്കാൻ തയാർ- സംവിധായകൻ  

ന്യൂദൽഹി- പാർലമെന്ററി സമിതിയിൽ പത്മാവതി സിനിമയെ നിരോധിക്കണമെന്ന് ബിജെപി ആവശ്യമുന്നയിച്ചപ്പോൾ സിനിമയെ പിന്തുണച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും. സിനിമയെ സംബന്ധിച്ച വിവാദത്തെക്കുറിച്ചു ചോദിച്ചറിയാനായി ഇന്നലെ ഇൻഫർമേഷൻ ടെക്‌നോളജിയുടെ പാർലമെന്ററികാര്യ സമിതി പത്മാവതിയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയേയും സെൻസർ ബോർഡ് ചെയർമാൻ പ്രഹഌദ് ജോഷയെയും വിളിച്ചു വരുത്തിയിരുന്നു. 
ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന തരത്തിൽ ഒന്നുമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. വിവാദം ഒഴിവാക്കുന്നതിനായി രാജസ്ഥാനിലെ രാജകുടുംബങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാൻ തയാറാണെന്നും സഞ്ജയ് ലീല ബൻസാലി പാർലമെന്ററി സമിതിക്കു മുന്നിൽ വ്യക്തമാക്കി. സിനിമയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ സമിതിക്കു രേഖാമൂലം സമർപ്പിക്കണമെന്നാണു നിർദേശിച്ചിരിക്കുന്നത്. 
അതിനിടെ, സിനിമയെക്കുറിച്ചു വീർപ്പുമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു സംവിധായകനെ ദുർബലപ്പെടുത്തുകയായിരുന്നു ഇന്നലെ ചേർന്ന യോഗത്തിൽ. ആചാരപരമായ ആത്മാഹൂതി ചെയ്യുന്ന രംഗം ചിത്രത്തിലുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. എന്തുകൊണ്ടാണ് സെൻസർ ബോർഡിന്റെ അംഗീകാരത്തിനു മുൻപേ തന്നെ മാധ്യമപ്രവർത്തകരുടെ മുന്നിൽ ചിത്രം പ്രദർശിപ്പിച്ചതെന്നും ചോദ്യം ചെയ്തു. ചിത്രത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർത്തുന്ന രാജസ്ഥാനിലെ കർണി സേനയ്ക്കു മുന്നിൽ റിലീസിംഗിനു മുൻപായി ചിത്രം പ്രദർശിപ്പിക്കാമെന്നു വാക്കു കൊടുത്തിട്ടുണ്ടോ എന്നും ബിജെപി എംപിമാർക്കു ഭൂരിപക്ഷമുള്ള സമിതി ബൻസാലിയോടു ചോദിച്ചു. 
സിനിമയിൽ ഒരിടത്തും ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്നാണ് ബൻസാലി സമിതിക്കു മുന്നിൽ വ്യക്തമാക്കിയത്. തെറ്റിദ്ധാരണകളാണ് ഊഹാപോഹങ്ങളായി പടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ സെൻസറിംഗ് നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രെയിലർ മാത്രമാണു പുറത്തുവന്നിരിക്കുന്നതെന്നും സംവിധായകൻ വ്യക്തമാക്കി. എന്നാൽ, സിനിമയുടെ ട്രെയിലർ കൂടി നിരോധിക്കണമെന്നായിരുന്നു സമിതിയിലെ ബിജെപി എംപിമാരുടെ ആവശ്യം. അതിനിടെ, ഇന്ത്യയിൽ റിലീസിംഗ് നടപടികൾക്ക് അനുമതി ലഭിക്കാത്ത സിനിമ എങ്ങനെ ഇംഗഌണ്ടിലെത്തിയതെന്നായിരുന്നു ഒരു ബിജെപി അംഗത്തിന് അറിയേണ്ടിയിരുന്നത്. അതിന് പ്രത്യേകിച്ച് അനുമതിയൊന്നും വേണ്ടെന്ന് സെൻസർ ബോർഡ് ചെയർമാൻ തന്നെ ഇടപെട്ട് വ്യക്തമാക്കിക്കൊടുത്തു. 
ബിജെപി എംപി അനുരാഗ് സിംഗ് താക്കൂറാണ് മുപ്പതംഗ പാർലമെന്ററി സമിതിയുടെ അധ്യക്ഷൻ. ഇന്നലത്തെ യോഗത്തിൽ സിനിമ നിരോധിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട ബിജെപി എംപി സി.പി ജോഷി, എന്നാൽ, താൻ ഇതുവരെ സിനിമ കണ്ടില്ലെന്ന സത്യവും തുറന്നു പറഞ്ഞു. ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് സിനിമയുടെ പശ്ചാത്തലമെന്നു വ്യക്തമാക്കുന്ന രേഖകൾ സമിതിക്കു മുന്നിൽ സംവിധായകൻ ബൻസാലി ഹാജരാക്കി. സെൻസർ ബോർഡ് ഇതുവരെ ചിത്രത്തിന് അംഗീകാരം നൽകിയിട്ടില്ലെന്നും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നുമാണു സി.പി ജോഷി പറഞ്ഞത്. രൂക്ഷമായ പ്രതിഷേധം യോഗത്തിൽ ഉന്നയിച്ചുവെന്ന് ബിജെപി എം.പി ഓം ബിർളയും പറഞ്ഞു. 
സിനിമയിൽ വിവാദ രംഗങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപിമാരായ സി.പി ജോഷിയും ഓം ബിർളയും നൽകിയ പരാതിയിൽ വാർത്താ വിതരണ മന്ത്രാലയത്തിൽ നിന്നും സെൻസർ ബോർഡിൽ നിന്നും പാർലമെന്ററി സമിതി റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, വിവാദങ്ങൾ സിനിമയുടെ പ്രചാരണത്തിനു വേണ്ടി ഇളക്കി വിടുന്നതാണെന്നും സമിതിയിലെ ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇന്നലെ ചേർന്ന യോഗത്തിൽ രണ്ടു ബിജെപി എംപിമാർക്കു പുറമേ ഒരു ശിവസേന എംപിയും പത്മാവതി സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ടു. 


 

Latest News