Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണിയായിരിക്കെ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചെന്ന് മേഗന്‍ 

ലണ്ടന്‍- വിവാദ വെളിപ്പെടുത്തലുകളുമായി ഹാരിയുടെയും മേഗന്റെയും അഭിമുഖം യുഎസില്‍ സംപ്രേക്ഷണം ചെയ്തു. ഒപ്രാ വിന്‍ഫ്രേയ്ക്ക് മുന്നില്‍ കരഞ്ഞ് കൊണ്ടാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ തനിക്ക് നേരിട്ട അനുഭവങ്ങളെ കുറിച്ച് മേഗന്‍വെളിപ്പെടുത്തിയത്. ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്നും, ഇനി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാരിയോട് പറഞ്ഞതായും സിബിഎസ് അഭിമുഖത്തില്‍ മേഗന്‍ വെളിപ്പെടുത്തി. ഹാരിയായിരുന്നു തന്നെ അന്ന് പരിപാലിച്ചിരുന്നത്.
രാജകുടുംബത്തില്‍ നിലനില്‍ക്കുന്ന വംശീയമായ ചിന്തകളെ കുറിച്ചും മെഗാന്‍ സംസാരിച്ചു. ഹാരിയുമായുള്ള വിവാഹത്തിന് മുന്‍പ് ഫഌര്‍ ഗേള്‍സിന്റെ വസ്ത്രം സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ പേരില്‍ കെയ്റ്റ് മിഡില്‍ടണ്‍ തന്നെ കരയിച്ചെന്നും മെഗാന്‍ വെളിപ്പെടുത്തി. 'ജീവിതം മതിയായെന്ന് തോന്നിയ സമയമായിരുന്നു അത്. പക്ഷെ സഹായം തേടുന്നത് സ്ഥാപനത്തിന് ഗുണമാകില്ലെന്നായിരുന്നു ഉപദേശം. ഭര്‍ത്താവിന്റെ ചുമലില്‍ കൂടുതല്‍ ഭാരം ഇടാന്‍ താല്‍പര്യമുണ്ടായില്ല', മെഗാന്‍ പറഞ്ഞു.
ആര്‍ച്ചി പിറക്കുന്നതിന് മുന്‍പ് കുഞ്ഞിന്റെ തൊലി എത്രത്തോളം കറുത്തിരിക്കുമെന്നാണ് രാജകുടുംബം ആശങ്കപ്പെട്ടതെന്നും അഭിമുഖത്തില്‍ അവര്‍ കുറ്റപ്പെടുത്തി. താന്‍ വിഭിന്ന വംശത്തില്‍ നിന്നുള്ള മാതാപിതാക്കള്‍ക്ക് പിറന്നതും, ഹാരി വെള്ളക്കാരനുമായതിനാല്‍ കുഞ്ഞിന്റെ നിറമായിരുന്നു ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതിന് പുറമെ അധികൃതര്‍ ആര്‍ച്ചിയ്ക്ക് രാജകുമാരന്‍ പദവി നിഷേധിച്ചത് വേദനയായി. കൂടാതെ 24 മണിക്കൂര്‍ സുരക്ഷ ഒരുക്കാനും ബക്കിംഗ്ഹാം കൊട്ടാരം പരാജയപ്പെട്ടെന്നും മെഗാന്‍ പറയുന്നു.
മേഗന് ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്ന കാലത്ത് എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് ഹാരി അഭിമുഖത്തില്‍ പറഞ്ഞു. രാജകുടുംബത്തിലെ ആരുമായും ഇത് തുറന്നു സംസാരിക്കാനും സാധിക്കില്ലായിരുന്നുവെന്നും ഹാരി കൂട്ടിച്ചേര്‍ത്തു. വംശീയ വിവേചനത്തിനെതിരെ എന്റ കുടുംബം ശക്തമായ ഒരു നിലപാട് എടുത്തില്ല എന്നതില്‍ താന്‍ ഏറെ ദുഃഖിക്കുന്നുണ്ട്.
സംസാരിക്കാന്‍ പോലും ആരുമില്ലാതിരുന്ന ഒരു സാഹചര്യമായിരുന്നു നേരിട്ടത്. പ്രശ്‌നങ്ങള്‍ മേഗനെ മാത്രം ബന്ധപ്പെട്ടായിരുന്നില്ല. അവള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തെകൂടി സംബന്ധിക്കുന്നതായിരുന്നു,' ഹാരി പറഞ്ഞു.രാജകുടുംബത്തില്‍ നിന്നും പുറത്തുപോകാന്‍ കാരണം മേഗനാണോ എന്ന ചോദ്യത്തിന് ഹാരിക്ക് വേണ്ടി ഞാന്‍ എല്ലാം ഉപേക്ഷിച്ചുവെന്നാണ് മേഗന്‍ മറുപടി നല്‍കിയത്.മേഗന് വേണ്ടിയല്ലാതെ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇത്തരമൊരു തീരുമാനം എടുക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല, എനിക്ക് സാധിക്കുമായിരുന്നില്ല, ഞാനും അവിടെ കുടുങ്ങിപ്പോയിരിക്കുകയായിരുന്നു എന്നാണ് ഹാരി പറഞ്ഞത്.ഞാന്‍ ഈ വ്യവസ്ഥിതിക്കുള്ളില്‍ കുടുങ്ങിപ്പോയ ആളാണ്. എന്റെ അച്ഛനും, സഹോദരനുമെല്ലാം അങ്ങനെ തന്നെയാണ്. അവര്‍ക്ക് പുറത്തുകടക്കാന്‍ സാധിക്കില്ല,'ഹാരി പറഞ്ഞു.
വിവാഹത്തിന് മുന്‍പ് കെയ്റ്റ് തന്നെ കരയിച്ചിട്ടും തൊട്ടടുത്ത ദിവസം ചൂട് വാര്‍ത്ത വന്നത് മേഗന്‍ കെയ്റ്റിനെ കരയിച്ചുവെന്ന തരത്തിലാണ്. നേര്‍വിപരീതമാണ് സംഭവിച്ചത്. ഇതിന് ക്ഷമ ചോദിച്ച് കെയ്റ്റ് പൂക്കളും, ഒരു കുറിപ്പും നല്‍കിയെന്ന് മേഗന്‍വ്യക്തമാക്കി.
രാജകുടുംബം തന്നെ സംരക്ഷിക്കുമെന്ന വാക്കാണ് നല്‍കിയത്. എന്നാല്‍ മാധ്യമങ്ങളില്‍ ദിവസേന നിറയുന്ന വാര്‍ത്തകളെ കുറിച്ച് സുഹൃത്തുക്കള്‍ വിളിച്ച് ചോദിക്കും. അവരോടും താന്‍ സംരക്ഷിക്കപ്പെടുമെന്നാണ് മറുപടി നല്‍കിയത്. പക്ഷെ മറ്റ് രാജകുടുംബാംഗങ്ങളെ സംരക്ഷിക്കാന്‍ നുണകള്‍ പറയാന്‍ പോലും അധികൃതര്‍ തയ്യാറായി. സത്യം പറഞ്ഞ് തന്നെയും, ഭര്‍ത്താവിനെയും സംരക്ഷിക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല, മേഗന്‍ കുറ്റപ്പെടുത്തി.എന്നാല്‍ ഇനി ഈ നുണകള്‍ കേട്ട് നിശബ്ദമായി ഇരിക്കാന്‍ തയ്യാറല്ലെന്ന് ഹാരിയും, മേഗനും കൂട്ടിച്ചേര്‍ത്തു. 
 

Latest News