Sorry, you need to enable JavaScript to visit this website.

റോഹിംഗ്യ അഭയാർത്ഥി കേന്ദ്രത്തിൽ നിന്ന് നിരവധി പേരെ പോലീസ് പിടികൂടി തടവിലാക്കി; എന്തു ചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളും

ജമ്മു- അഭയാർത്ഥികളായി ഇന്ത്യയിൽ പ്രവേശിക്കുകയും ഇവിടെ താമസിക്കുകയും ചെയ്യുന്ന മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യ വംശജരിൽ 'നിയമവിരുദ്ധമായി' തങ്ങുന്നവരെ പിടികൂടാനും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുമുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ കഴിഞ്ഞദിവസം റോഹിംഗ്യ വംശജർ പ്രതിഷേധപ്രകടനം നടത്തി.  ആറായിരത്തോളം റോഹിംഗ്യ മുസ്ലിങ്ങളാണ് മ്യാൻമറിലെ ബുദ്ധതീവ്രവാദികളുടെ കൂട്ടക്കൊലയിൽ നിന്നും രക്ഷതേടി ഇന്ത്യയിലെത്തിയിട്ടുള്ളതെന്നാണ് കണക്ക്. ഇവരിൽ ജമ്മുവിൽ കഴിയുന്നവർക്കിടയിൽ കഴിഞ്ഞദിവസം സർക്കാർ തുടങ്ങിയ പരിശോധനാ നടപടികൾ നിരവധി കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം കുടുംബത്തിലെ പുരുഷന്മാരെ പൊലീസ് പിടികൂടി കൊണ്ടുപോയതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് റോഹിംഗ്യ വനിതകൾ. നിരവധി ഭാര്യമാരും കുട്ടികളും അമ്മമാരുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുകയാണ്.

അതെസമയം പിടികൂടിയവരെ തിരിച്ചയ്ക്കുമെന്നു തന്നെയാണ് ജമ്മു പൊലീസ് ഐജി മുകേഷ് സിങ് പറയുന്നത്. ഇന്ത്യ റോഹിംഗ്യ മുസ്ലിംകളോട് മുഖംതിരിച്ച് നിൽക്കുന്നത് തുടരുകയാണ്. റോഹിംഗ്യൻ മുസ്ലിംകളെ അഭയാർത്ഥികളായി അംഗീകരിക്കാൻ കേന്ദ്രത്തിലെ ബിജെപി സർക്കാർ തയ്യാറായിട്ടില്ല. അവർ അനധികൃത കുടിയേറ്റക്കാരാണെന്നാണ് സർക്കാരിന്റെ പക്ഷം.

ഞായറാഴ്ച നർവാളിൽ നിന്ന് മക്കാ മസ്ജിദിലേക്ക് റോഹിംഗ്യകൾ പ്രതിഷേധപ്രകടനം നടത്തി. പൊലീസ് ഇവരെ വഴിമധ്യേ തടയുകയും പിരിച്ചുവിടുകയും ചെയ്തു. റോഹിംഗ്യ വംശജരിൽ ആരെയും പിടികൂടിയിട്ടില്ലെന്ന വാദം പൊലീസ് ഉന്നയിക്കുന്നുണ്ടെങ്കിലും പൊലീസ് തങ്ങളുടെ ഭർത്താക്കന്മാരെ കൊണ്ടുപോയതായി നിരവധി സ്ത്രീകൾ പറയുന്നു. കുട്ടികളെയും കൂട്ടിയാണ് പൊലീസ് ചിലരെ പിടികൂടിയത്. കുട്ടികളെ പിന്നീട് പൊലീസ് വിട്ടയച്ചു. പല കുട്ടികളുടെയും മാതാപിതാക്കളെ തടവിലിട്ടിരിക്കുകയാണ്. കുട്ടികളെ അയൽവാസികളാണ് നോക്കുന്നത്. 

ജമ്മുവിലെ റോഹിംഗ്യ അഭയാർത്ഥികൾ തകരഷീറ്റുകൾ കൊണ്ട് മേഞ്ഞ കൂരകളിലാണ് താമസം. സ്ഥലത്ത് ദിവസക്കൂലിക്ക് പണി ചെയ്താണ് ജീവിതം. ജമ്മു കാശ്മീരിലെ ബിജെപി തലവൻ രവീന്ദർ റെയ്ന പറയുന്നത് നാട് വിട്ടുപോന്ന ഏതൊരാൾക്കും തിരിച്ചുപോകാൻ സന്തോഷമേ കാണൂ എന്നാണ്. മ്യാൻമർ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് തങ്ങളിത് ചെയ്യുന്നതെന്നാണ് റെയ്നയുടെ വാദം. യുഎസ്സിലെ മെക്സിക്കൻ അതിർത്തിയിൽ നടന്നതിന് സമാനമായ നീക്കങ്ങളാണ് ജമ്മുവിൽ നടക്കുന്നതെങ്കിലും മാധ്യമശ്രദ്ധ തുലോം പരിമിതമാണ്. വളരെ ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ഈ വിഷയത്തിൽ മാധ്യമങ്ങളിൽ വന്നിട്ടുള്ളത്.

Latest News