ന്യൂദൽഹി- അന്തർദ്ദേശീയ വനിതാദിനമായ ഇന്ന് കർഷകപ്രക്ഷോഭം നയിക്കുന്നത് സ്ത്രീകളാണ്. 40,000ത്തിലധികം സ്ത്രീകളാണ് കഴിഞ്ഞദിവസങ്ങളിൽ സമരം നടക്കുന്ന തിക്രി, സിംഘു ഘാസിപൂർ അതിർത്തിപ്രദേശങ്ങളിലേക്ക് മാർച്ച് ചെയ്തെത്തിയത്. ഇവരോടൊപ്പം സാമൂഹ്യപ്രവർത്തകരും വിദ്യാർത്ഥികളും ചേരും.
ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ ഭാഗങ്ങളിൽ നിന്നാണ് കൂടുതൽപ്പേരും വരുന്നത്. ഭാരതീയ കിസാൻ യൂണിയൻ മാത്രം 500 ബസ്സുകളിലും 600 മിനി ബസ്സുകളിലും 115 ട്രക്കുകളിലും 200 ചെറുവാഹനങ്ങളിലും വനിതാ സമരക്കാരെ കൊണ്ടുവന്നിട്ടുണ്ട്. ഇന്ന് വേദിയിൽ മുഴുവൻ നിറയുക വനിതാ നേതാക്കളായിരിക്കും. സംസാരിക്കുന്നവരെല്ലാം വനിതകളായിരിക്കും. കൂടുതൽ വനിതകൾ സമരകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് കർഷകസംഘടനകൾ പ്രതീക്ഷിക്കുന്നത്.
സമരത്തിലെ സ്ത്രീപങ്കാളിത്തം ടാം മാഗസിനിലും ഇടംപിടിച്ചിട്ടുണ്ട്. സമരകേന്ദ്രങ്ങളിലെ സ്ത്രീകളുടെ ചിത്രം ചേർത്താണ് ഇത്തവണത്തെ ലക്കം പുറത്തുവന്നിരിക്കുന്നത്. കുട്ടികളെ ചേർത്തുപിടിച്ച് സമരരംഗത്തിറങ്ങിയ സ്ത്രീകളുടെ ചിത്രമാണിത്.