പാരിസ്- ഫ്രഞ്ച് ശതകോടീശ്വരനും രാഷ്ട്രീയ നേതാവുമായ ഒളിവർ ദസ്സോ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഏതാണ്ട് വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. വടക്കൻ ഫ്രാൻസിലെ ദീയൂവില്ലിൽ കോപ്റ്റർ അപകടത്തിൽ പെടുകയായിരുന്നു. പൈലറ്റും അപകടത്തിൽ മരിച്ചതായാണ് വിവരം. ഇവർ രണ്ടുപേർ മാത്രമാണ് കോപ്റ്ററിലുണ്ടായിരുന്നത്. മുൻനിര പോർവിമാന നിർമാണ കമ്പനിയായ ദാസ്സോ ഏവിയേഷന്റെ മാതൃകമ്പനിയായ ദാസ്സോ ഗ്രൂപ്പിന്റെ പ്രസിഡന്റായിരുന്നു. ദാസ്സോയുടെ കുടുംബത്തിന്റേതാണ് ഈ കമ്പനി. വ്യവസായ-രാഷ്ട്രീയ രംഗങ്ങളിൽ ഉയർന്ന സ്വാധീനമുള്ള കുടുംബമാണ് ദാസ്സോയുടേത്. ഫ്രാൻസിലെ ഏറ്റവും വലിയ വ്യവസായ കുടുംബമാണിത്. രാഷ്ട്രീയ-വ്യവസായ രംഗങ്ങളിലെ നിരവധിപേർ അനുശോചനമറിയിച്ച് രംഗത്തെത്തി. രാജ്യത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.