Sorry, you need to enable JavaScript to visit this website.

രാമായണവും ഗീതയും നിര്‍ബന്ധമാക്കിയ തീരുമാനത്തിനെതിരെ യുപിയിലെ മദ്രസകള്‍

ലഖ്‌നൗ- മദ്രസകളില്‍ ഹിന്ദു പുരാണങ്ങളായ രാമായണവും ഭഗവത് ഗീതയും പഠിപ്പിക്കണമെന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങിന്റെ നിര്‍ബന്ധനയ്‌ക്കെതിരെ പ്രതിഷേധവുമായി യുപിയിലെ മദ്രസകള്‍ രംഗത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്). കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ പുരാണങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍.ഐ.ഒ.എസ് നിബന്ധനയിറക്കിയത്. 

എന്നാല്‍ എന്‍.ഐ.ഒ.എസിന്റെ ഈ പുതിയ കരിക്കുലം മദ്രസകള്‍ തള്ളിയിരിക്കുകയാണ്. മദ്രസകള്‍ക്കുമേല്‍ ഇത്തരമൊരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ എന്‍.ഐ.ഒ.എസിന് അധികാരമില്ലെന്ന് മദ്രസ നടത്തിപ്പുകാര്‍ പറയുന്നു. മദ്രസകള്‍ സ്ഥാപിച്ചിരിക്കുന്നത് ഇസ്ലാമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണെന്ന് 350 വര്‍ഷം പഴക്കമുള്ള ലഖ്‌നൗവിലെ മദ്രസയായ ദാറുല്‍ ഉലൂം ഫറംഗി മഹല്‍ ചെയര്‍മാന്‍ മൗലാന ഖാലിദ് റശീദ് പറഞ്ഞു. രണ്ടു തരം മദ്രസകളാണ് ഉള്ളത്. ഒന്ന് മദ്രസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും മറ്റൊന്ന് സമുദായം സ്വതന്ത്രമായി നടത്തുന്നതും. ബോര്‍ഡിനു കീഴിലുള്ള മദ്രസകള്‍ ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സ്വതന്ത്ര മദ്രസകള്‍ക്കുമേല്‍ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും മൗലാന ഖാലിദ് റശീദ് പറയുന്നു. 

മദ്രസകളില്‍ ഗീതയും രാമായണവും പഠിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന എന്‍.ഐ.ഒ.എസ് എന്ത് കൊണ്ട് ആര്‍ എസ് എസ് നടത്തുന്ന സരസ്വതി ശിശു മന്ദിര്‍ വിദ്യാലയങ്ങളില്‍ ഖുര്‍ആന്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 

മദ്രസകളില്‍ രാമായണവും ഗീതയും പഠിപ്പിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ നദീം ഹസ്‌നൈന്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ഇതു നിര്‍ബന്ധമാക്കുന്നത് പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂളുകളില്‍ ഇസ്ലാമിക ഗ്രന്ഥങ്ങളായ ഖുര്‍ആനും നഹ്ജുല്‍ ബലാഗയും പഠിപ്പിക്കണമെന്നും ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ മുന്‍ ആന്ത്രപോളജി വകുപ്പു മേധാവി കൂടിയായിരുന്ന ഹസ്‌നൈന്‍ പറഞ്ഞു.
 

Latest News