ജിദ്ദ-ഏറെക്കാലം ജിദ്ദയിൽ പ്രവാസിയും കേരള പ്രവാസി ഫെഡറേഷൻ, കേരള പ്രവാസി സംഘം ജില്ലാ സംസ്ഥാന ഭാരവാഹിയുമായിരുന്ന പാലോളി അബ്ദുറഹ്മാൻ മലപ്പുറം നിയമസഭാമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം പത്താം തിയതിയുണ്ടാകും. നിലവിൽ മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ ചെയർമാനാണ് പാലോളി അബ്ദുറഹ്മാൻ. ദീർഘകാലം ജിദ്ദയിലെ ഇ.എഫ്.എസ് കാർഗോ കമ്പനി പാർട്ണറായിരുന്ന മലപ്പുറം ചെമ്മങ്കടവ് സ്വദേശിയായ അബ്ദുറഹ്മാൻ സി.പി.ഐ അനുകൂല വിദ്യാർഥി സംഘടനയായ എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തെത്തി. സി.പി.ഐ യുവജനഫെഡറേഷന്റെ മലപ്പുറം ജില്ലാ സാരഥിയായിരുന്നു. പ്രവാസി സംഘടനയായ കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. രണ്ടു വർഷം മുമ്പ് സി.പി.എമ്മിലേക്ക് മാറിയ അബ്ദുറഹ്മാൻ കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റാണ്. മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ മേധാവി സ്ഥാനത്തെത്തിയ ശേഷം മിൽ ലാഭത്തിലായിരുന്നു. സുഹ്റയാണ് അബ്ദുറഹ്മാന്റെ ജീവിതപങ്കാളി. ഷെഹ്നാസ് (ജിദ്ദ), ഷബാന എന്നിവർ മക്കൾ.
പാർട്ടി ഏൽപിക്കുന്ന ഏത് ദൗത്യവും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഏറ്റെടുക്കും. മൽസരരംഗത്തുണ്ടെങ്കിൽ ഏത് വെല്ലുവിളിയും നേരിടാനും മലപ്പുറത്തിന്റെ ഇത് വരെയുള്ള അസംബ്ലി പോരാട്ട ചരിത്രം മാറ്റിയെഴുതാനും പ്രവാസികളുടെ കൂടി സഹായത്തോടെ പരിശ്രമിക്കുമെന്ന് പാലോളി അബ്ദുറഹ്മാൻ മലയാളം ന്യൂസിനോട് പറഞ്ഞു.