കല്പറ്റ-വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം എന്‍.ഡി.എയില്‍ തിരിച്ചെത്തിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവും മുത്തങ്ങ സമര നായികയുമായ സി.കെ. ജാനു വീണ്ടും തെരഞ്ഞെടുപ്പു ഗോദയിലേക്ക്. മാനന്തവാടി, ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളിലൊന്നില്‍ അവര്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകും. ഏതു മണ്ഡലമാണ് മത്സരത്തിനു തെരഞ്ഞെടുക്കുകയെന്നു പാര്‍ട്ടിയിലും ബി.ജെ.പി ഉള്‍പ്പെടെ എന്‍.ഡി.എ ഘടകകക്ഷി നേതാക്കളുമായും നടത്തുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനിക്കുമെന്നു അവര്‍ പറഞ്ഞു.
ശംഖുമുഖത്ത് ബി.ജെ.പി വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്താണ് എന്‍.ഡി.എയിലേക്കുള്ള തിരിച്ചുവരവ് ജാനു പരസ്യപ്പെടുത്തിയത്. ഇതേത്തുടര്‍ന്നു ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കുമെന്നു അവര്‍ വ്യക്തമാക്കിയത്.