ന്യൂദൽഹി - പുതിയ അധ്യയന വർഷം മുതൽ ദൽഹി സംസ്ഥാനത്തിന് സ്വന്തമായി വിദ്യാഭ്യാസ ബോർഡ് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അർവിന്ദ് കെജ്രിവാൾ. ഈ ബോർഡ് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്യുകയും ചെയ്യും. ഡൽഹി ബോർഡ് ഓഫ് സ്കൂൾ എജുക്കേഷൻ അഥവാ ഡിബിഎസ്ഇ എന്നായിരിക്കും ബോർഡിന്റെ പേര്. ഇരുപതോ ഇരുപത്തഞ്ചോ അഫിലിയേറ്റഡ് സ്കൂളുകളുമായാണ് ബോർഡിന്റെ പ്രവർത്തനം തുടങ്ങുക. 2021-21 അക്കാദമിക വർഷത്തിൽ ഈ സ്കൂളുകൾ പ്രവർത്തിക്കും. സംസ്ഥാനത്തെ എല്ലാ സ്വകാര്യ, പൊതു സ്കൂളുകളും ഈ ബോർഡിലേക്ക് വരുമെന്ന പ്രതീക്ഷയും കെജ്രിവാൾ പങ്കുവെച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ പരിവർത്തനം പൂർത്തിയാക്കാനാണ് കെജ്രിവാളിന്റെ പദ്ധതി.
പുതിയ ബോർഡ് രൂപീകരിക്കുന്നതിനു പിന്നിലെ ആശയത്തെ കെജ്രിവാൾ വിവരിക്കുന്നത് ഉറച്ച ദേശഭക്തരെ സൃഷ്ടിക്കുകയെന്നാണ്. തൊഴിലിനു വേണ്ടി തൊഴിൽവിപണിയിലേക്ക് നോക്കിയിരിക്കാത്ത നല്ല മനുഷ്യരെ വാർത്തെടുക്കലാണ് ലക്ഷ്യം. മുഖ്യമന്ത്രി അധ്യക്ഷനായുള്ള കാബിനറ്റ് യോഗത്തിലാണ് പുതിയ ബോർഡിന്റെ രൂപീകരണം സംബന്ധിച്ച് തീരുമാനമായത്.
ദൽഹിയിൽ നിലവിൽ 1000 സർക്കാർ സ്കൂളുകളാണുള്ളത്. 1700 സ്വകാര്യ സ്കൂളുകളുമുണ്ട്. മിക്കതും സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തവയാണ്. ഒറ്റയടിക്ക് എല്ലാ സ്കൂളുകളെയും സംസ്ഥാന ബോർഡിന് കീഴിൽ കൊണ്ടുവരില്ലെന്നും പതുക്കെയായിരിക്കും പ്രക്രിയകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.