മുംബൈ - മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ രാജ്പൂരി ഗ്രാമത്തിൽ കഴിഞ്ഞ 15 വർഷത്തോളം പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞു കിടന്നു. ഒരു പാർട്ടിയിൽ പെട്ടയാളും ഈ പദവി ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതിനു കാരണമായത് നാട്ടിൽ നിലനിന്ന ഒരു അന്ധവിശ്വാസമാണ്. പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത് ആരായാലും ആ വ്യക്തി ഉടനെ മരണമടയും എന്നതായിരുന്നു അന്ധവിശ്വാസം. ഈ അന്ധവിശ്വാസത്തിന് പുല്ലുവില കൊടുക്കാതെ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം ഒരാൾ തയ്യാറായി. 31കാരിയായ ശീതൾ രാജ്പുരെയാണ് ഇപ്പോൾ രാജ്പൂരി പഞ്ചായത്തിന്റെ പ്രസിഡന്റ്. കഴിഞ്ഞ ജനുവരിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞമാസം ഇവർ ചുമതലയേൽക്കുകയും ചെയ്തു.
രണ്ടോ മൂന്നോ പഞ്ചായത്ത് പ്രസിഡന്റുമാർ മരണമടഞ്ഞതാണ് ഈ അന്ധവിശ്വാസം നാട്ടുകാർക്കിടയിൽ പരക്കാൻ കാരണമായതെന്ന് ശീതൾ പറയുന്നു. രസകരമായ സംഗതി ഇവരിൽ എല്ലാവരും പ്രസിഡന്റായിരിക്കുമ്പോഴല്ല മരിച്ചതെന്നതാണ്. എന്നിട്ടും ജനങ്ങൾ ഇങ്ങനെയൊരു കഥയുണ്ടാക്കി അതിൽ വിശ്വസിക്കുകയും ചെയ്തു.
അന്ധവിശ്വാസം കഴിഞ്ഞാൽ ഈ പഞ്ചായത്തിന്റെ ഏറ്റവും വലിയ പ്രശ്നം വരൾച്ചയാണ്. മറ്റൊരു പ്രശ്നം കുറച്ചുപേർക്ക് മാത്രമേ ഏഴുത്തും വായനയും അറിയൂ എന്നതാണ്. 2011 സെൻസസ് പ്രകാരം 1097 പേരാണ് ഈ ഗ്രാമത്തിലുള്ളത്. ഇതിൽ 11 ശതമാനം പേർക്കേ തങ്ങളുടെ പേരെഴുതാനുള്ള വിദ്യാഭ്യാസമുള്ളൂ.