ലണ്ടൻ- കോവിഡ് രോഗികൾ താരാട്ട് പാടുന്നത് രോഗത്തിൽ നിന്നുള്ള മുക്തിക്ക് വഴിയൊരുക്കുമെന്ന അവകാശവാദവുമായി യുകെയിലെ ഒരു ഓപ്പറ കമ്പനി. ഇംഗ്ലീഷ് നാഷണൽ ഓപ്പറയാണ് (ഇഎൻഒ) താരാട്ട് പാട്ടുകളിലൂടെ കോവിഡ് രോഗികൾക്ക് ആശ്വാസമേകാൻ രംഗത്തുള്ളത്. രോഗികളിലെ ആശങ്ക കുറയ്ക്കാനും ശ്വാസതടസ്സം കുറയ്ക്കാനുമെല്ലാം താരാട്ട് പാടുന്നതിലൂടെ കഴിയുമെന്ന് അവർ പറയുന്നു.
ഇംപീരിയൽ കോളജ് ഹെൽത്ത്കെയറുമായി ചേർന്ന് ഈ പദ്ധതി നടപ്പാക്കുകയാണ് ഇഎൻഒ. ഓൺലൈനായി രോഗികളെ ചില പാടൽ രീതികൾ പരിശീലിപ്പിക്കും. രോഗത്തിൽ നിന്നും വലിയ തോതിൽ മാനസികമായി വിടുതി ലഭിക്കാൻ ഈ പരിശീലനം കൊണ്ട് സാധിക്കും. കോവിഡിന്റെ ആദ്യഘട്ട പ്രതിസന്ധികൾ തരണം ചെയ്തതിനു ശേഷവും ദീർഘനാളുകൾ ആശുപത്രിയിൽ കഴിയേണ്ടി വരുന്നവരുണ്ട്. പലരർക്കും കോവിഡനന്തരകാലം വളരെ പ്രയാസം നിറഞ്ഞതാണ്. ഇതിനെ ചെറുക്കാനാവശ്യമായ പല സാമഗ്രികളെ ചേർത്താണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ വാംഅപ് എക്സർസൈസ് മുതൽ പാട്ടു പാടൽ വരെ ഉൾപ്പെടുന്നു. താരാട്ടു പാട്ട് തന്നെ തെരഞ്ഞെടുത്തതിനു പിന്നിലും കാരണമുണ്ട്. രോഗികളുടെ വൈകാരികതയെ തൊട്ടുണർത്താൻ താരാട്ടുകൾക്ക് കഴിയും. വളരെ പൊസിറ്റീവായ മാനസികനില എളുപ്പത്തിൽ കൈവരിക്കാൻ താരാട്ടുകൾ കൊണ്ട് സാധിക്കും.