കൊല്‍ക്കത്ത- തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) വീണ്ടും അധികാരത്തില്‍ വന്നാല്‍ പശ്ചിമ ബംഗാള്‍ കശ്മീരായി മാറുമെന്ന് നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരി.
ബെഹാലയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ രാജ്യം ഇസ്ലാമിക രാജ്യമാകുമായിരുന്നുവെന്നും നമ്മള്‍ ബംഗ്ലാദേശില്‍ താമസിക്കേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടിഎംസി വീണ്ടും അധികാരത്തില്‍ വന്നാല്‍ പശ്ചിമ ബംഗാള്‍ കശ്മീരായി മാറും.
നന്ദിഗ്രാം എനിക്ക് ഒരു വെല്ലുവിളിയല്ല. മമത ബാനര്‍ജിയെ പരാജയപ്പെടുത്തി കൊല്‍ക്കത്തയിലേക്ക് തിരിച്ചയക്കാനാണ് ഞാന്‍ നന്ദിഗ്രാമിലേക്ക് പോകുന്നത്. എനിക്ക് നല്‍കിയ ഉത്തരവാദിത്തത്തിന് ബി.ജെ.പി ദേശീയ നേതൃത്വത്തിന് നന്ദി പറയുന്നു.
നന്ദിഗ്രാമിലും പശ്ചിമ ബംഗാളിലുടനീളം താമര വിരിയാന്‍ പ്രവര്‍ത്തിക്കും. ഈ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ 50,000 ത്തിലധികം വോട്ടുകള്‍ക്ക് മമത പരാജയപ്പെടും- അധികാരി പറഞ്ഞു.