അഹമ്മദാബാദ്- സിമി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത 122 പേരെ കുറിച്ച് ആലോചിക്കുമ്പോള്‍ ഹൃദയം തകർന്നുപോകുന്നുവെന്ന് ആക്ടിവിസ്റ്റും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി.
122 പേരെ 20 വര്‍ഷം നിയമക്കുരുക്കിലാക്കിയത് നീതി ന്യായ സംവിധാനത്തിന്റെ പരാജയമാണെന്നും അവര്‍ക്ക് നഷ്ടമായ 20 വര്‍ഷത്തെ കുറിച്ച് ആലോചിച്ച് തന്റെ ഹൃദയം തകര്‍ന്നുപോകുന്നുവെന്നും ജിഗ്‌നേഷ് ട്വീറ്റ് ചെയ്തു.
2001ല്‍ സിമി അംഗങ്ങള്‍ എന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തവരെ 20 വര്‍ഷത്തിന് ശേഷം ഗുജറാത്ത് കോടതി വെറുതെ വിട്ടിരിക്കുകയാണ്. അവര്‍ക്ക് നഷ്ടപ്പെട്ട 20 വര്‍ഷത്തെ കുറിച്ച് ആലോചിച്ച് എന്റെ ഹൃദയം നുറുങ്ങുന്നു. ആ കാലം അവര്‍ക്ക് തിരിച്ചുകിട്ടില്ല. പരാജയപ്പെട്ട നീതിന്യായ സംവിധാനത്തിന് എല്ലാ നന്ദിയും- ജിഗ്‌നേഷ് കുറിച്ചു.
പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും സിമിയുടെ പ്രവര്‍ത്തകരാണെന്നതിന് തെളിവില്ലെന്നും നിരീക്ഷിച്ചാണ് 127 പ്രതികളെയും സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് ജഡ്ജി എ.എന്‍ ധവെ കുറ്റവിമുക്തരാക്കിയത്. അഞ്ച് പേർ നേരത്തെ മരിച്ചിരുന്നു.
2001 ലാണ് കേസിനാസ്പദമായ സംഭവം. സൂറത്തിലെ രാജശ്രീ ഹാളില്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ സിമി പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആള്‍ ഇന്ത്യ മൈനോറിറ്റീസ് എജുക്കേഷണല്‍ ബോഡ് വിളിച്ചുചേര്‍ത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നും രാജ്യദ്രോഹപ്രവര്‍ത്തനം ലക്ഷ്യമിട്ടിരുന്നുവെന്നും പോലിസ് ആരോപിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഇവർക്കുമേല്‍ പോലിസ് യുഎപിഎ ചുമത്തി. പതിനൊന്ന് മാസങ്ങള്‍ക്കുശേഷമാണ് ഗുജറാത്ത് ഹൈകോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്.