ന്യൂദല്‍ഹി- സര്‍ക്കാര്‍ സ്വീകരിച്ച പരിഷ്‌കരണ നടപടികള്‍ക്ക് രാഷ്ട്രീയ വില നല്‍കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഴിമതി മുക്തവും പൗര കേന്ദ്രീകൃതവുമായ ഇന്ത്യ നിര്‍മിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മോഡി അവകാശപ്പെട്ടു. ഈയൊരു ലക്ഷ്യത്തിനു സ്വീകരിച്ച നടപടികള്‍ക്ക് രാഷ്ട്രീയ വില നല്‍കാന്‍ സന്നദ്ധനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച നേതൃസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.
ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ ആശയക്കുഴപ്പം സ്വാഭാവികമാണെങ്കിലും സമഗ്രമായ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
2104 ല്‍ അധികാരമേല്‍ക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയാണ് കൈമാറിക്കിട്ടിയത്. ഇന്ന് വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ച് നടക്കാവുന്ന വിധം രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.