സൊഹ്‌റാബുദ്ദീന്‍ വിചാരണ കാണാം, റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല 

മുംബൈ- സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വിചാരണ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വീക്ഷിക്കാം, പക്ഷേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല. മാധ്യമങ്ങളെ ഒഴിവാക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. മാധ്യമ പ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കാന്‍ വിചാരണ അടച്ചിട്ട മുറിയിലാക്കണമെന്ന ആവശ്യം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എസ്.ജെ. ശര്‍മ അംഗീകരിച്ചില്ല. കേസ് പരിഗണിച്ചരുന്ന ജസ്റ്റിസ് ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ കുടുംബം സംശയങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള സി.ബി.ഐ കോടതിയുടെ തീരുമാനം.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതി ആയിരുന്ന കേസില്‍ സി.ബി.ഐയുടെ മുംബൈ അഡിഷനല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടരുന്നത്. ഇതുവരെ തുറന്ന കോടതിയില്‍ ആണ് വാദം കേട്ടിരുന്നത്.  
കേസ് പരിഗണിച്ചിരുന്ന മുന്‍ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയതോടെ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വാദം തുടരരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് അഭിഭാഷകര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുണ്ട്. സക്ഷികള്‍ക്കും പ്രതികള്‍ക്കും ഇത് ഭീഷണിയാണ്. അതിനാല്‍ മാധ്യമങ്ങളേയും സന്ദര്‍ശകരെയും ഒഴിവാക്കി അടച്ചിട്ട മുറിയില്‍ വാദം തുടരാന്‍ ഉത്തരവിടണമെന്ന് വിചാരണ കോടതിയോട് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. 
സി.ബി.ഐ ജഡ്ജി ലോയയുടെ മരണം കൊലപാതകം എന്ന രൂപത്തിലാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വഹാബ് ഖാന്‍ ചൂണ്ടിക്കാട്ടി. 
2005 ലാണ് സൊഹ്‌റാബുദ്ദീന്‍ ശൈഖിനേയും ഭാര്യ കൗസര്‍ ബീയേയും ഹൈദരാബാദില്‍ വെച്ച് ഗുജറാത്ത് പോലീസ് പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ഏറ്റുമുട്ടല്‍ ആരോപിക്കുകയായിരുന്നു. സൊഹ്‌റാബുദ്ദീന്റെ സഹായി ആയിരുന്ന തുളസീറാം പ്രജാപതിയെ 2006 ലും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. സൊഹ്‌റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നതിന് ദൃക്‌സാക്ഷി ആയിരുന്നു പ്രജാപതി. 
2012 ല്‍ വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയ സുപ്രീം കോടതി തൊട്ടടുത്ത വര്‍ഷം രണ്ട് കേസുകളുടേയും വിചാരണ ഒരുമിച്ചാക്കാന്‍ ഉത്തരവിട്ടു. കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ജെ.ടി ഉത്പത് പ്രതി അമിത് ഷാ കോടതിയില്‍ ഹാജാരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദത്തിലാകുകയും തുടര്‍ന്ന് സ്ഥലം മാറ്റപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കേസിന്റെ ചുമതല ഏല്‍പിക്കപ്പെട്ട ജസ്റ്റിസ് ബി.എച്ച്. ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹ സാഹചര്യങ്ങള്‍ കാരവന്‍ മാഗസിന്‍ വെളിപ്പെടുത്തിയതോടെ കേസ് കൂടുതല്‍ ഉദ്വേഗജനകമായിരിക്കയാണ്.
 

Latest News