കൊൽക്കത്ത- പശ്ചിമബംഗാളിൽ ഇടത്-കോൺഗ്രസ്-ഐഎസ്എഫ് സഖ്യമായ യുനൈറ്റഡ് ഫ്രണ്ട് 55 സീറ്റുകളുടെ വിഭജനം പൂർത്തിയാക്കി. തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടത്തിന്റെ കാര്യത്തിൽ ഇതോടെ ഏറെക്കുറെ വ്യക്തത വന്നു. ഇനി അഞ്ച് സീറ്റുകളിൽക്കൂടി ധാരണയുണ്ടാക്കാനുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഇത്രയും സീറ്റുകളിലാണ് മത്സരം നടക്കുക. ബാക്കിയുള്ള അഞ്ചിൽ ഒന്ന് നന്ദിഗ്രാം മണ്ഡലമാണ്. ഈ മണ്ഡലത്തിലാണ് മുഖ്യമന്ത്രി മമത ബാനർജി ഇത്തവണ മത്സരിക്കുന്നത്.
ഇടത് കക്ഷികളുടെ സ്ഥാനാർത്ഥികളെ ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിന്റെയും പുതിയ പാർട്ടിയായ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിന്റെയും സ്ഥാനാർത്ഥി പട്ടിക വരാനുണ്ട്. ആദ്യ രണ്ട് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത് ഇടത് പാർട്ടികളാണ്. 40 സീറ്റുകളിൽ ഇവർ മത്സരിക്കും. 12 സീറ്റുകളിൽ കോൺഗ്രസും അഞ്ചെണ്ണത്തിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ടും മത്സരിക്കും.
ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ മാത്രം ഇടതുമുന്നണി ഇതുവരെ തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേരുകൾ ദൽഹിയിൽ നിന്നാണ് പ്രഖ്യാപിക്കുക. രണ്ടോ മൂന്നോ ദിവസത്തിനകം ഐഎസ്എഫ് സ്ഥാനാർത്ഥികളുടെ പേരുകളും പ്രഖ്യാപിക്കപ്പെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ബിമൻ ബോസ് പറഞ്ഞു.