ബംഗളൂരു- തങ്ങള്‍ക്ക് അപകീർത്തികയുണ്ടാക്കുന്നതും ആധികാരികമല്ലാത്തതുമായ വാർത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്നും സംപ്രേഷണം ചെയ്യുന്നതില്‍നിന്നും മാധ്യമ സ്ഥാപനങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ ആറു മന്ത്രിമാർ കോടതിയെ സമീപിച്ചു. സത്യസന്ധരായി പ്രവർത്തിക്കുന്ന ചില മന്ത്രിമാരെ അപകീർത്തിപ്പെടുത്തുന്നതിന് രാഷ്ട്രീയ ഗൂഢാലോചന നടക്കുമെന്ന ആശങ്കയാണ് മന്ത്രിമാരെ കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുടുംബക്ഷേമ, മെഡിക്കൽ വിദ്യഭ്യാസ മന്ത്രി കെ. സുധാകർ ട്വീറ്റ് ചെയ്തു.
തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ, കൃഷി മന്ത്രി ബി സി പാട്ടീൽ, സഹകരണ മന്ത്രി എസ്ടി സോമശേഖർ, ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ എന്നിവരാണ് മാാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചത്.
യുവജന ശാക്തീകരണ കായിക മന്ത്രി കെ. സി നാരായണ ഗൗഡ, നഗരവികസന മന്ത്രി ഭാരതി ബസവരാജ് എന്നിവരാണ് മറ്റ് രണ്ട് പേർ. സംയുക്ത ഹരജിയില്‍ വാദം കേട്ട സിറ്റി സിവിൽ സെഷൻസ് ജഡ്ജി ഉത്തരവ് മാറ്റിവെച്ചു.
കോൺഗ്രസ്-ജെഡി (എസ്) സഖ്യ സർക്കാരിനെ വീഴ്ത്തി ബി.ജെ.പിയിലേക്ക് കൂറുമാറിയ 17 എംഎൽഎമാരിൽ ഉള്‍പ്പെടുന്നവരാണ് ആറ് മന്ത്രിമാരും. ഇവരുടെ കൂറുമാറ്റമാണ് 2019 ജൂലൈയിൽ കോണ്‍ഗ്രസ്- ജെ.ഡി സർക്കാരിന്‍റെ പതനത്തിലേക്കും ബിജെപിയെ അധികാരത്തിലെത്തിക്കാനും സഹായകമായത്.
കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2019 ഡിസംബറിൽ ബിജെപി ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ശേഷമാണ് മന്ത്രിമാരായത്.
അശ്ലീല സി.ഡി സഹിതമുള്ള ലൈംഗിക പീഡന ആരോപണം ഉയർന്നതിനെ തടർന്ന് കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജിവച്ച രമേശ് ജാർക്കിഹോളി 16 എംഎൽഎമാർക്കൊപ്പം ബിജെപിയില്‍ ചേർന്ന് മന്ത്രപദവിയിലെത്തിയ ആളാണ്.