ന്യൂദല്‍ഹി- ഇന്ത്യയും സൗദിയും തമ്മില്‍ പരിമിത വിമാന സര്‍വീസ് കരാറിനുള്ള സാധ്യത അകലെ. ഇന്ത്യയും യു.എ.ഇയും അടക്കമുള്ള 20 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദി അറേബ്യ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതിനുമുമ്പ് ബബ്ള്‍ കരാറിനുള്ള നീക്കം സജീവമായിരുന്നെങ്കിലും വ്യോമഗതഗാതം വൈകാതെ തന്നെ സാധാരണ നിലയിലാകുമെന്ന പുതിയ പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ജി.സി.സിയിലെ മറ്റു രാജ്യങ്ങളടക്കം 27 രാജ്യങ്ങളുമായി ഇന്ത്യക്ക് എയര്‍ ബബ്ള്‍ കരാറുണ്ട്. സാധാരണ വിമാന സര്‍വീസ് തടയപ്പെടുമ്പോള്‍ രണ്ടു രാജ്യങ്ങള്‍ പരിമിത സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരാറാണ് എയര്‍ ബബ്ള്‍സ്.
അതിനിടെ, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ആരംഭിച്ച വന്ദേഭാരത് സര്‍വീസിന്റെ ഏറ്റവും വലിയ ഘട്ടം ആരംഭിച്ചു. മാര്‍ച്ച് 28 വരെ നീളുന്ന പുതിയ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നായിരിക്കുമെന്ന് വിദേശ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഈ മാസം 28 വരെയുള്ള ഘട്ടത്തില്‍ 28 രാജ്യങ്ങളില്‍നിന്നായി 1350 അന്താരാഷ്ട്ര സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ സര്‍വീസുകള്‍ വഴി 2,60,00 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്. ഇതില്‍ 68 ശതമാനവും ജി.സി.സി രാജ്യങ്ങളില്‍നിന്നാണ്. 920 വിമാന സര്‍വീസുകളാണ് ഗള്‍ഫില്‍നിന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് സര്‍വീസില്‍ 61.5 ലക്ഷം പേരെയാണ് നാട്ടിലെത്തിച്ചത്.