വാഷിങ്ടൻ- അമേരിക്കയെ ഇന്ത്യൻ വംശജരായ അമേരിക്കക്കാർ ഏറ്റെടുത്തു കഴിഞ്ഞതായി പ്രസിഡന്റ് ജോ ബൈഡൻ. തന്റെ ഭരണകൂടത്തിൽ വലിയ തോതിൽ ഇന്ത്യൻ-അമേരിക്കക്കാരുടെ സാന്നിധ്യമുള്ളത് ചൂണ്ടിക്കാട്ടിയാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് അമ്പത് ദിവസങ്ങൾക്കുള്ളിൽ 55ഓളം ഇന്ത്യൻ വംശജരെയാണ് ബൈഡൻ നിയമിച്ചത്.
നാസ ശാസ്ത്രജ്ഞരുമായി നടത്തിയ ഒരു വെർച്വൽ സംവാദത്തിനിടയിലായിരുന്നു ബൈഡന്റെ ഈ പരാമർശം. നാസയുടെ മാർസ് 2020 മിഷന്റെ ഗൈഡൻസ്, നേവിഗേഷൻ, കൺട്രോൾ ഓപ്പറേഷൻസ് നേതൃത്വത്തിലുള്ള ഇന്ത്യൻ-അമേരിക്കൻ സയന്റിസ്റ്റ് സ്വാതി മോഹനോടായിരുന്നു ഈ പ്രതികരണം. "ഇന്ത്യൻ വംശജരായ അമേരിക്കക്കാർ രാജ്യത്തെ ഏറ്റെടുക്കുകയാണ്. നിങ്ങൾ, എന്റെ വൈസ് പ്രസിഡന്റ് , എന്റെ സ്പീച്ച് റൈറ്റർ (വിനയ് റെഡ്ഢി)." പെർസിവിയറൻസ് റോവറിന്റെ ചരിത്രപരമായ ചൊവ്വാ ദൌത്യവിജയത്തിനു പിന്നിൽ നിർണായക പങ്ക് വഹിച്ചയാളാണ് സ്വാതി.
സുപ്രധാന പദവികളിലാണ് ഇന്ത്യൻ വേരുകളുള്ള 55 പേരെ ബൈഡൻ ഇരുത്തിയിരിക്കുന്നത്. മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധതയോടുള്ള ശക്തമായ വിയോജിപ്പിന്റെ പ്രകടനം കൂടിയായാണ് ഈ നീക്കങ്ങൾ പൊതുവിൽ വായിക്കപ്പെടുന്നത്. ഈ അമ്പത്തഞ്ച് പേരിൽ തെരഞ്ഞെടുക്കപ്പെട്ട് വിവിധ സ്ഥാനങ്ങളിലെത്തിയ ഇന്ത്യൻ-അമേരിക്കക്കാർ പെടില്ലെന്നതും ശ്രദ്ധേയമാണ്. അതായത് ഇന്ത്യൻ വേരുകളുള്ള കമല ഹാരിസ് ഇതിൽ പെടില്ല.
കഴിഞ്ഞദിവസം വൈറ്റ് ഹൌസ് ബജറ്റ് ഓഫീസിലേക്ക് പരിഗണിക്കപ്പെടുകയും പിന്നീട് മാറ്റി നിർത്തുകയും ചെയ്ത നീര ടണ്ടനും തെരഞ്ഞെടുക്കപ്പെട്ട് ഉന്നത പദവിയിലെത്തിയ ഇന്ത്യൻ വംശജയാണ്. ഇത്രയേറെ ഇന്ത്യക്കാർ യുഎസ്സിൽ പ്രധാന പദവികളിലെത്തുന്നത് ഇതാദ്യമാണ്.