ന്യൂദല്‍ഹി-വാഹനവുമായി ബന്ധപ്പെട്ട എല്ലാതും ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ പദ്ധതിയിട്ട് റോഡ്,ഗതാഗത,ദേശീയപാത മന്ത്രാലയം. ഇതിനോടനുബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സടക്കമുള്ളവയ്ക്കായി ഇനിമുതല്‍ ആര്‍.ടി.ഓഫീസില്‍ പോകേണ്ട ആവശ്യമില്ലെന്ന് പറയുന്നു. ലൈസന്‍സ്,ലേണേഴ്‌സ് ലൈസന്‍സ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി 18 ആര്‍.ടി.ഒ സേവനങ്ങള്‍ ഡിജിറ്റലിലേക്ക് മാറ്റുന്നതിനാണ് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത്.
'പൗരന് സൗകര്യപ്രദവും തടസ്സരഹിതവുമായ സേവനങ്ങള്‍ നല്‍കും. പുതിയ മാറ്റങ്ങള്‍ മാധ്യമങ്ങളിലൂടെയും വ്യക്തിഗത അറിയിപ്പുകളിലൂടെയും വ്യാപകമായ പ്രചരിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും മന്ത്രാലയം നടത്തും'. പുതിയ പദ്ധതി സംബന്ധിച്ച് റോഡ്, ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഡ്രൈവിംഗ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ആധാറുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് നടപടി. ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സിലെ വിലാസം മാറ്റല്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ്, താല്‍ക്കാലിക വാഹന രജിസ്‌ട്രേഷന്‍ തുടങ്ങി ആ.ടി ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഇനിമുതല്‍ ഓണ്‍ലൈനിലേക്ക് മാറുകയാണ്.
രജിസ്‌ട്രേഷന്റെ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അപേക്ഷ, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനായി എന്‍ഒസി അനുവദിക്കുന്നതിനുള്ള അപേക്ഷ, വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അറിയിപ്പ്, വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ, സര്‍ട്ടിഫിക്കറ്റില്‍ വിലാസം മാറ്റുന്നതിനുള്ള അറിയിപ്പ് എന്നിവയും ഇനിമുതല്‍ ഓണ്‍ലൈനില്‍ നല്‍കാം