Sorry, you need to enable JavaScript to visit this website.

ഗുജറാത്തിനെ അടിമുടി മാറ്റിയെന്ന് മോഡി

അഹമ്മദാബാദ്- തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലായ ഗുജറാത്തിൽ ഇന്ന് വീണ്ടും പ്രധാനമന്ത്രി മോഡി പര്യടനത്തിൽ. തന്റെ ദാരിദ്ര്യത്തെ പരിഹസിക്കരുതെന്ന് പ്രസംഗത്തിലുടനീളം ആവശ്യപ്പെട്ട മോഡി കോൺഗ്രസിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. കോൺഗ്രസ് ഒരിക്കൽ ഗുജറാത്തികളെ കഴുതകളെന്നാണ് പരിഹസിച്ചിരുന്നതെന്നും ഇപ്പോഴവർ ഗുജറാത്തികളുടെ കാൽക്കൽ എത്തിയിരിക്കുകയാണെന്നും മോഡി വ്യക്തമാക്കി. സൂറത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോഡി ഇങ്ങിനെ പറഞ്ഞത്. സൂറത്തിലെ പതിനാറ് അസംബ്ലി മണ്ഡലങ്ങളിലേക്ക് ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിംസബർ ഒൻപതിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. യു.പി തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് ഗുജറാത്തികളെ കഴുതകൾ എന്ന് വിളിച്ചതെന്നും ഇതിന് ജനം മറുപടി നൽകുമെന്നും മോഡി പറഞ്ഞു. 
ഗുജറാത്തിലെ മോർബിയിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വികസനത്തെ പറ്റിയായിരുന്നു മോഡിയുടെ പ്രസംഗം. നല്ല സമയത്തും മോശം സമയത്തും നാം മോർബിക്കൊപ്പം നിന്നു. എന്നാൽ കോൺഗ്രസ് അങ്ങിനെ നിന്നില്ലെന്ന് മോഡി വ്യക്തമാക്കി. പതിമൂന്ന് കൊല്ലം മുഖ്യമന്ത്രിയായി സേവനം ചെയ്ത സമയത്ത് മോർബിയുടെ വികസനത്തിന് വേണ്ടി ആവശ്യമായതെല്ലാം ഞാൻ ചെയ്തു. വെള്ളമില്ലായ്മയായിരുന്നു ഈ മേഖല അനുഭവിച്ച പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഹാന്റ് പമ്പുകൾ നൽകുന്നതായിരുന്നു ഈ മേഖലയിൽ കോൺഗ്രസിന്റെ വികസനം. എന്നാൽ, വലിയ തോതിൽ ജലസേചന പദ്ധതികൾ നടപ്പാക്കി ജലലഭ്യത ഉറപ്പാക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മോർബിയിലേക്ക് വരുമ്പോൾ മോശം വാസന മൂലം അവർ മൂക്കുപൊത്തുമായിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയെന്നും മോഡി പറഞ്ഞു. ഇന്ന് നാലു തെരഞ്ഞെടുപ്പ് റാലികളിൽ മോഡി പ്രസംഗിക്കുന്നുണ്ട്. 
 

Latest News