ന്യൂദൽഹി- സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് ഉൾപ്പടെ പാർലമെന്റിലേക്ക് മൂന്ന് ഭൂഗർഭ തുരങ്കങ്ങൾ നിർമിക്കും. ഉപരാഷ്ട്രപതിയുടെ വസതിയിൽ നിന്നും എം.പിമാരുടെ ചേംബറിലേക്കുമാണ് മറ്റ് തുരങ്കങ്ങൾ നിർമിക്കുക. ഒറ്റ വരി തുരങ്കങ്ങളാണ് നിർമിക്കുക. പാർലമെന്റിന് അകത്തും പുറത്തും വിഐപി സഞ്ചാരങ്ങൾക്കുള്ള പ്രോട്ടോക്കോൾ കാരണം പൊതു ജനങ്ങൾക്ക് യാത്രാ തടസം ഉണ്ടാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭൂഗർഭ തുരങ്കങ്ങൾ നിർമിക്കുന്നത്. ഗോൾഫ് കാർട്ടുകളാണ് തുരങ്കങ്ങളിൽ യാത്രക്കായി ഉപയോഗിക്കുക.
പുതിയ സെൻട്രൽ വിസ്ത പദ്ധതി അനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും സൗത്ത് ബ്ലോക്കിലാണ് നിർമിക്കുക. ഉപരാഷ്ട്രപതിയുടെ വസതി നോർത്ത് ബ്ലോക്കിൽ ആണ്. നിലവിൽ ഗതാഗത മന്ത്രാലയവും തൊഴിൽ മന്ത്രാലയവും നിൽക്കുന്നിടത്തായിരിക്കും എംപിമാർക്ക് അത്യാധുനിക സംവിധാനങ്ങളോടെയുള്ള ചേംബറുകൾ നിർമിക്കുന്നത്.
രാഷ്ട്രപതി പതിവായി പാർലമന്റിൽ വന്നു പോകാത്തത് കൊണ്ട് രാഷ്ട്രപതി ഭവനിൽ നിന്ന് പാർലമെന്റിലേക്ക് പ്രത്യേക തുരങ്ക പാത നിർമിക്കുന്നില്ല. 20,000 കോടി രൂപയുടേതാണ് സെൻട്രൽ വിസ്ത പദ്ധതി. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്ത് സമ്പൂർണ മാറ്റം കൊണ്ടുവരുന്ന നിലയിലാണ് രൂപരേഖ.