ന്യൂദൽഹി- കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന പ്രശാന്ത് നായരെ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറി തലത്തിൽ അഞ്ചു വർഷത്തേക്കാണു നിയമനം. നിലവിലെ ചുമതലയിൽ നിന്നൊഴിഞ്ഞ പുതിയ ചുമതലയിൽ ദൽഹിയിൽ ഉടൻ തന്നെ പ്രവേശിക്കാമെന്ന് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
കോഴിക്കോട് ജില്ലാ കലക്ടറായിരിക്കേ ഓപറേഷൻ സുലൈമാനി എന്ന പേരിൽ കോഴിക്കോടിന്റെ വിശപ്പില്ലാ നഗരം പദ്ധതി വിജയകരമായി നടപ്പാക്കി ജനകീയനായ പ്രശാന്ത് നായർ കലക്ടർ ബ്രോ എന്ന പേരിലാണു പ്രശസ്തനായത്. ഇതുൾപ്പെടെ കോഴിക്കോട് നഗരത്തിൽ വിവിധ ജനോപകാര പ്രവർത്തനങ്ങളിൽ സജീവമായ കലക്ടർ ബ്രോയ്ക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരെയും സ്വന്തമാക്കാനായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ പ്രശാന്ത് നായർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ കേന്ദ്രത്തിലേക്കുള്ള വരവിനെ ബി.ജെ.പി സംസ്ഥാന നേതൃത്വം തടയിട്ടിരുന്നു. കോഴിക്കോട് എം.പിയായ എം.കെ രാഘവനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഈ വർഷം ആദ്യമാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടർ സ്ഥാനത്തു നിന്നു നീക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ സെക്രട്ടറിയായായിരുന്നു മാറ്റം. ഉദ്യോഗക്കയറ്റമായിരുന്നെങ്കിലും സ്ഥലംമാറ്റം ശിക്ഷാ നടപടി പോലെയായതിനാൽ പ്രശാന്ത് നായർ ലീവിൽ പ്രവേശിക്കുകയായിരുന്നു.
ഇതിനിടെ ചലച്ചിത്ര മേഖലയിലേക്കും കടന്നു. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ദിവാൻജി മൂല ഗ്രാൻഡ് പ്രിക്‌സ് എന്ന ചിത്രത്തിന്റെ കഥയെഴുത്തുമായി ബന്ധപ്പെട്ടാണ് ഔദ്യോഗിക തിരക്കുകളിൽ നിന്നു മാറി നിന്നത്. പുതിയ നിയമനത്തിന്റെ ഉത്തരവ് വരുമ്പോൾ അദ്ദേഹം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനായി ഗോവയിലായിരുന്നു. ഇന്നലെ രാവിലെ ഗോവയിൽ നിന്ന് കേരളത്തിലെത്തി.
ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനായി അദ്ദേഹം ഫേസ്ബുക്ക് പേജും ആരംഭിച്ചിരുന്നു. നിശ്ചയദാർഢ്യമുള്ള ഉദ്യോഗസ്ഥനാണു പ്രശാന്തെന്നാണ് അൽഫോൺ കണ്ണന്താനം വിലയിരുത്തുന്നത്. കെടിഡിസിയുടെ എംഡിയായി പ്രവർത്തിച്ച പരിചയവും ടൂറിസം രംഗത്തെ കുറിച്ച് ആഴത്തിലുള്ള അറിവുമാണ് പ്രശാന്തിന്റെ മുതൽക്കൂട്ട്.