തിരുവനന്തപുരം- ഇ. ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ മലക്കംമറിഞ്ഞ് ബിജെപി നേതാക്കള്‍. ഇന്ത്യയുടെ മെട്രോ മാന്‍ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ ട്വീറ്റ് ചെയ്തിരുന്നു. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയായതോടെ ഇതുസംബന്ധിച്ച് വിശദീകരണവുമായി മുരളീധരന്‍ രംഗത്തു വരികയായിരുന്നു. ശ്രീധരനെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും പാര്‍ട്ടി അധ്യക്ഷനോട് സംസാരിച്ചപ്പോള്‍ അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടെല്ലാണ് അദ്ദേഹം പറഞ്ഞതെന്നും മുരളീധരന്‍ വിശദീകരിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതായി ഇതിനെ പരിഗണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.