Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഏഴു പേര്‍ക്ക് വധശിക്ഷ നടപ്പാക്കി

റിയാദ് - കൊലപാതക, മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ഏഴു പേര്‍ക്ക് ഇന്നലെ സൗദിയില്‍ വധശിക്ഷ നടപ്പാക്കി. ആറു യെമനികള്‍ക്ക് ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയിലെ അബഹയിലും ഒരു സൗദി പൗരന് ഉത്തര സൗദിയിലെ തബൂക്കിലുമാണ് ശിക്ഷ നടപ്പാക്കിയത്. മോഷണ ശ്രമങ്ങള്‍ക്കിടെ വനിത അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയ കേസുകളിലാണ് യെമനികളെ വധശിക്ഷക്ക് വിധേയരാക്കിയത്.
യെമനികളായ അലി അഹ്മദ് അല്‍സഫലി, സ്വാദിഖ് അഹ്മദ് സ്വഗീര്‍ അല്‍ഖതാഫി, മുഹമ്മദ് ഹസന്‍ അല്‍സഫലി, സ്വാലിഹ് മുഹമ്മദ് ഹസന്‍ മല്‍ദി, സൈദ് മജ്ദര്‍ അഹ്മദ് അശി, അബ്ദുല്ല ശൗഇ ഹസന്‍ മല്‍ദി എന്നിവര്‍ ചേര്‍ന്ന് കവര്‍ച്ച സംഘം രൂപീകരിച്ച് സൗദി പൗരന്മാരെ ആക്രമിച്ച് പണവും ആഭരണങ്ങളും മറ്റും മോഷ്ടിക്കുകയായിരുന്നു. സൗദി വനിത ഹശീമ ബിന്‍ത് മുഫ്‌റഹ് അസീരിയെ ഉറങ്ങിക്കിടക്കുന്നതിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഘം ഇവരുടെ ഭര്‍ത്താവിനെ ആക്രമിച്ച് കെട്ടിയിട്ട് പണവും ആഭരണങ്ങളും കവര്‍ന്ന് രക്ഷപ്പെട്ടു. സൗദി പൗരന്‍ അലി ബിന്‍ ഹസന്‍ ബിന്‍ മുഹമ്മദ് ആലുമുആഫയെയും സംഘം കൊലപ്പെടുത്തി പണം കവര്‍ന്നു. ഇദ്ദേഹത്തെയും ഉറങ്ങിക്കിടക്കുന്നതിനിടെ ശ്വാസംമുട്ടിച്ചാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
പ്രതികളില്‍ പെട്ട അലി അഹ്മദ് അല്‍സഫലിയും അബ്ദുല്ല ശൗഇ ഹസന്‍ മല്‍ദിയും ചേര്‍ന്ന് സൗദി പൗരന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ഹാതിമിയെ ശിരസ്സിന് അടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ആക്രിച്ച് ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത് പണം കവര്‍ന്നിരുന്നു. ഊര്‍ജിതമായ അന്വേഷണത്തിലൂടെ ഈ കേസുകള്‍ക്ക് തുമ്പുണ്ടാക്കി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. മയക്കുമരുന്ന് കടത്ത് കേസ് പ്രതിയായ സൗദി പൗരന് ഇന്നലെ തബൂക്കില്‍ വധശിക്ഷ നടപ്പാക്കി. ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായ ലുവൈഫി ബിന്‍ ഫര്‍ഹാന്‍ ബിന്‍ ഫാലിഹ് അല്‍ബലവിക്കാണ് ശിക്ഷ നടപ്പാക്കിയത്.

 

 

Latest News