ബംഗളൂരു- ഐടി ഭീമനായ ഇൻഫോസിസും കൺസൾട്ടിങ്-ഔട്സോഴ്സിങ് കമ്പനിയായ ആക്സഞ്ചറും ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ കോവിഡ് വാക്സിനേഷൻ ചെലവുകൾ പൂർണമായും വഹിക്കുമെന്ന് പ്രഖ്യാപിച്ചു.
സർക്കാർ ആശുപത്രികളിലൂടെയുള്ള വാക്സിനേഷൻ പൂർണമായും സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിൽ ഡോസിന് 250 രൂപ വെച്ചാണ് ഈടാക്കുക. ഇതാണ് സർക്കാരിന്റെ നിർദ്ദേശം. നിലവിൽ രണ്ടാമത്തെ ഘട്ടത്തിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും, 45 വയസ്സിനു മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവരെയുമാണ് പരിഗണിക്കുന്നത്. 60 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നു.
ആരോഗ്യരക്ഷാ സേവനദാതാക്കളുമായി കൈകോർത്ത് വാക്സിനേഷൻ നടത്താനാണ് ഇൻഫോസിസ് ആലോചിക്കുന്നതെന്ന് സിഒഒ പ്രവീൺ റാവു പറഞ്ഞു. ആക്സഞ്ചർ ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും വാക്സിനേഷൻ ചെലവ് വഹിക്കുമെന്ന് അറിയിച്ചു. നിലവിൽ രാജ്യത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ആസ്ട്രസെനെക വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് ലഭ്യമായിട്ടുള്ളത്.