ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ഹോർഡിങ്ങുകൾ നീക്കം ചെയ്യാൻ പെട്രോൾ പമ്പുകൾക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശം. അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കാൻർ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പെട്രോൾ പമ്പുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്തിരിക്കണം.
പശ്ചിമബംഗാൾ, അസം, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം ബാധകമാകുക. വിവിധ പദ്ധതികളുടെ പരസ്യമായി സ്ഥാപിച്ചിരിക്കുന്ന ഹോർഡിങ്ങുകളാണ് നീക്കേണ്ടത്. ഇവ നിലനിർത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായാണ് കണക്കാക്കുക.
പെട്രോൾ പമ്പുകളിലെ ഹോർഡിങ്ങുകൾ സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ്സാണ് പരാതിപ്പെട്ടത്. ഇതെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.
അതെസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞയാഴ്ച നിലവിൽ വന്നിട്ടും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയൊന്നും സ്വമേധയാ എടുക്കാതിരുന്നത് ചോദ്യങ്ങളുയർത്തുന്നുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പ് സുരക്ഷാ പദ്ധതികൾ പൊലീസും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ചീഫ് ഇലക്ടറൽ ഓഫീസർ, സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫീസർ, സിആർപിഎഫ് സ്റ്റേറ്റ് കോഓർഡിനേറ്റർ തുടങ്ങിയവരടങ്ങുന്ന സമിതിയാണ് ഇതിൽ തീരുമാനമെടുക്കുക.