Sorry, you need to enable JavaScript to visit this website.

കൽപറ്റയിൽ എം.വി. ശ്രേയാംസ്‌കുമാർ മത്സരിക്കണമെന്നു എൽ.ജെ.ഡി  വയനാട് ജില്ലാ കൗൺസിൽ

  • മകൾ മയൂര ശ്രേയാംസ്‌കുമാറിനും  സാധ്യത

കൽപറ്റ- ഇടതുമുന്നണി എൽ.ജെ.ഡിക്കു അനുവദിച്ച കൽപറ്റ മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്‌കുമാർ എം.പി മത്സരിക്കണമെന്നു നിർദേശം. ഇന്നലെ കൽപറ്റ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന എൽ.ജെ.ഡി ജില്ലാ കൗൺസിൽ യോഗത്തിലാണ് നിർദേശം ഉയർന്നത്. എം.വി ശ്രേയാംസ്‌കുമാറിന്റെ അസാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻമാരടക്കം 90 ഓളം പേരാണ് പങ്കെടുത്തത്. യോഗനടപടികൾക്കിടെ കൽപറ്റ മണ്ഡലത്തിലെ സ്ഥാനാർഥിത്വം ചർച്ചയ്ക്കുവന്നപ്പോൾ പാർട്ടി സംസ്ഥാന സമിതിയംഗം അഡ്വ. ജോർജ് പോത്തനാണ് ശ്രേയാംസ്‌കുമാറിന്റെ പേര് നിർദേശിച്ചത്. പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ ഉൾപ്പെടെ യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും നിർദേശം ഹർഷാരവത്തോടെ അംഗീകരിക്കുകയായിരുന്നു. ഡി.സി.സി സെക്രട്ടറി, ഐ.എൻ.ടി.യു.സി  സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങൾ രാജിവച്ചു എൽ.ജെ.ഡിയിൽ എത്തിയ പി.കെ.അനിൽകുമാർ ജില്ലാ കൗൺസിൽ യോഗത്തിനുണ്ടായിരുന്നില്ല. അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നതുമൂലമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് അദ്ദേഹം  അറിയിച്ചത്. അനിൽകുമാർ കൽപറ്റയിൽ എൽ.ജെ.ഡി സ്ഥാനാർഥിയാകുമെന്ന പ്രചാരണം നടക്കുന്നതിനിടെയാണ്  പാർട്ടി ജില്ലാ കൗൺസിൽ യോഗം ചേർന്നത്. യോഗത്തിൽ സ്ഥാനാർഥിയായി അനിൽകുമാറിന്റെ പേര് ആരും നിർദേശിച്ചില്ല. 
കൽപറ്റയിൽ മത്സരിക്കണമെന്ന പാർട്ടി ജില്ലാ കൗൺസിൽ തീരുമാനത്തോടു എം.വി. ശ്രേയാംസ്‌കുമാർ പ്രതികരിച്ചിട്ടില്ല. ജില്ലാ കൗൺസിൽ തീരുമാനം സംസ്ഥാന കൗൺസിൽ അംഗീകരിക്കുന്ന മുറയ്ക്കാണ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുക. കൗൺസിൽ ഐകകണ്‌ഠ്യേന നിർദേശിച്ചെങ്കിലും രാജ്യസഭാംഗമായ ശ്രേയാംസ്‌കുമാർ നിയമസഭയിലേക്കു മത്സരിക്കില്ലെന്നു അഭിപ്രായപ്പെടുന്നവർ എൽ.ജെ.ഡിയിലുണ്ട്. സീറ്റിൽ ശ്രേയാംസിന്റെ മകളും മാതൃഭൂമി ഡയറക്ടറും(ഡിജിറ്റൽ ബിസിനസ്) സാമൂഹികപ്രവർത്തകയുമായ മയൂര ശ്രേയാംസ്‌കുമാറോ ജില്ലയ്ക്കു പുറമേനിന്നുള്ള നേതാവോ സ്ഥാനാർഥിയാകാനിടയുണ്ടെന്നും അവർ പറയുന്നു.

 

Latest News