തിരുവനന്തപുരം- സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയതിന് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
ജേക്കബ് തോമസ് പുസ്തകം രചിച്ചത് സർവീസ് നിയമങ്ങൾ ലംഘിച്ചാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിലെ അൻപത് പേജുകളിൽ ചട്ടവിരുദ്ധമായ പരാമർശങ്ങളുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തൽ.
അന്വേഷണത്തിലിരിക്കുന്ന പാറ്റൂർ ഭൂമി കേസിലെ വിശദാംശങ്ങൾ വെളിപ്പെടുത്തി, ബാർ കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരെ പരാമർശം നടത്തി, ലോകായുക്ത ഫയൽ പൂഴ്ത്തി തുടങ്ങിയ കാര്യങ്ങളാണ് ചട്ടവിരുദ്ധമായി ചൂണ്ടിക്കാട്ടിയത്.
ത്വരിതാന്വേഷണം നടന്നുകൊണ്ടിരിക്കുന്നതും തെളിവുകൾ ലഭ്യമല്ലാത്തതുമായ കേസുകളിൽ വിധിന്യായം പോലുള്ള കാര്യങ്ങളാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത് എന്നാണ് സമിതിയുടെ കണ്ടെത്തൽ. പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ വർഷം നവംബറിലാണ് ജേക്കബ് തോമസ്് സർക്കാറിന്റെ അനുമതി തേടിയത്. എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കുന്നത് വരെ അതിന്റെ പകർപ്പ് നൽകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് രണ്ടു വട്ടം അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ കത്തു നൽകിയിരുന്നു.