ഹൈദരാബാദ്- ഹൈദരാബാദ് മെട്രോ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനൊപ്പം നാലു സ്റ്റേഷനുകളിലൂടെ പ്രധാനമന്ത്രി മോഡി സഞ്ചരിക്കും. നാളെ മുതൽ പൊതുജനങ്ങൾക്കായി മെട്രോ തുറന്നുകൊടുക്കും. മുപ്പത് കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് മെട്രോയുടേത്. പതിനേഴ് ലക്ഷം യാത്രക്കാർ ഒരു ദിവസം യാത്ര ചെയ്യും. മെട്രോ ഉദ്ഘാടനത്തിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപ് പങ്കെടുക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോഡി യാത്ര തിരിക്കും. ഹൈദരാബാദിലാണ് ഉച്ചകോടി. ഉത്തര ഹൈദരാബാദിലെ മിയാപൂരിൽനിന്ന് അമീർ പേട്ടിലേക്കാണ് മെട്രോയുടെ ആദ്യഘട്ടം. തുടക്കത്തിൽ രാവിലെ ആറു മുതൽ രാത്രി പത്തുവരെയാണ് സർവീസ്. പിന്നീട് ഇത് 5.30 മുതൽ രാത്രി 11 വരെയാക്കും. പത്തുമുതൽ അറുപത് രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.