തിരുവനന്തപുരം- കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തത് നാടകമാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇ.ഡി രംഗത്തെത്തിയത് നല്ല ലക്ഷ്യത്തോടെയല്ലെന്നും രമേശ് ചെന്നിത്തല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തർധാരയാണ് ഈ നീക്കത്തിന് പിന്നിൽ. സംസ്ഥാനത്തെ വികസനം ഇ.ഡി തടയുന്നുവെന്ന് ആരോപിച്ച് ബഹളമുണ്ടാക്കാൻ സി.പി.എമ്മിനെ സഹായിക്കുകയാണ് ഇ.ഡി. 2019 മുതൽ ഇക്കാര്യത്തിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ അന്നൊന്നും ഇ.ഡി തിരിഞ്ഞുനോക്കിയിട്ടില്ല. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബന്ധമാണ് ഇ.ഡിയുടെ വരവിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു.
ശ്രീ എമ്മിന് നാലേക്കർ കൊടുക്കാനുള്ള തീരുമാനം നിഗൂഢമാണ്. ആർ.എസ്.എസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനാണ് ശ്രീ എം എന്ന സ്വാമിജി. ഇതിന്റെ ഉപകാരണസ്മരണക്കാണ് ഭൂമി നൽകിയത്. സാധാരണ സ്ഥാപനങ്ങൾക്ക് ഭൂമി അനുവദിക്കാറുണ്ട്. സമൂഹത്തിന് സംഭാവന നൽകിയവർക്ക് ഭൂമി അനുവദിക്കാറുണ്ട്. ഇത് ആ നിലയിൽ പരിഗണിക്കാനാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര കൂടി വരുന്നുവെന്നത് ഏറെ നാളായി കോൺഗ്രസ് ആരോപിക്കുന്നതാണ്. ഇരുവരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വളരുന്നതെന്നും ഇതിനെതിരെ ജനം ജാഗ്രത പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.