ന്യൂദൽഹി- തനിക്ക് പൂർണ സ്വാതന്ത്ര്യം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ. സേലത്തെ കോളേജ് തനിക്ക് ഇഷ്ടപ്പെട്ട സ്ഥലമാണെന്നും ്അവിടേക്ക് പോകുന്നത് സന്തോഷമുള്ള കാര്യമാണെന്നും ഹാദിയ പറഞ്ഞു. ഭർത്താവ് ഷെഫിൻ ജഹാന്റെ കൂടെ പോകാനാണ് തന്റെ ആഗ്രഹം. അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ദൽഹിയിൽ വെച്ച് ഭർത്താവിനോട് സംസാരിക്കാനോ കാണാനോ കഴിഞ്ഞിട്ടില്ല. അക്കാര്യത്തിലും തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഹാദിയ പറഞ്ഞു. ഹാദിയ ദൽഹി കേരള ഹൗസിൽനിന്ന് സേലത്തെ കോളെജിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂർ വരെ വിമാനത്തിൽ പോകുന്ന ഹാദിയ അവിടെ നിന്ന് റോഡ് മാർഗം സേലത്തേക്ക് പോകും.
വിധി തനിക്ക് അനുകൂലം-അശോകൻ
ഹാദിയ കേസിൽ ഇതുവരെയുള്ള കാര്യങ്ങൾ തനിക്ക് അനുകൂലമാണെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ. ദൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകൾ പഠിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. അതിനാണ് സുപ്രീം കോടതി അനുമതി നൽകിയത്. ഇത് തന്റെ വിജയമാണ്. മകൾക്കായി താൻ ഒരുക്കിയ ഇരുമ്പുകവചം ആർക്കും ഭേദിക്കാനാകില്ല. ഷെഫിൻ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയിട്ടില്ല. എല്ലാവർക്കും അവളെ സന്ദർശിക്കാനുള്ള അനുമതിയൊന്നും സുപ്രീം കോടതി നൽകിയിട്ടില്ലെന്നും അശോകൻ പറഞ്ഞു.
ഞങ്ങൾക്ക് ആരുമില്ല-ഹാദിയയുടെ അമ്മ
ഞങ്ങൾക്ക് മുസ്ലിംകളുമായി അടുത്ത ബന്ധമില്ലെന്നും ഒരു തീവ്രവാദിയുമായി തന്റെ മകളുടെ വിവാഹം നടത്തിയതിൽ തനിക്ക് ഏറെ സങ്കടമുണ്ടെന്നും ഹാദിയയുടെ അമ്മ പൊന്നമ്മ പറഞ്ഞു. മകളോട് ഇപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നും അവളുടെ നിലവിലെ മാനസികാവസ്ഥ ശരിയല്ലെന്നും പൊന്നമ്മ പറഞ്ഞു.