ന്യൂദൽഹി- സർക്കാരിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്ന് സുപ്രീംകോടതി. ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലക്കെതിരായ പൊതുതാല്‍പര്യ ഹരജി പരമോന്നത നീതിപീഠം തള്ളി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെ ഫറൂഖ് അബ്ദുല്ല നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു ഹരജി.
സർക്കാറിനോട് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്. വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാൻ കഴിയില്ല -സുപ്രീംകോടതി വ്യക്തമാക്കി.
ഹരജിക്കാർക്കെതിരെ 50,000 രൂപ പിഴ കോടതി ചുമത്തിയിട്ടുമുണ്ട്.
ഫറൂഖ് അബ്ദുല്ലക്കെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഫറൂഖ് അബ്ദുല്ല ഇന്ത്യക്കെതിരെ ചൈനയുടെയും പാക്കിസ്ഥാന്‍റെയും സഹായം തേടിയെന്നായിരുന്നു ആരോപണം.