വാഷിങ്ടൻ- ടെക്സാസിൽ മാസ്ക് ധരിക്കുന്നത് ഇനി നിർബന്ധമല്ല. സംസ്ഥാന ഗവർണർ ഗ്രെഗ് അബട്ട് ഈ നിബന്ധന പിൻവലിച്ചു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കം ചെയ്തെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "കഴിഞ്ഞ ആറു മാസത്തിലധികമായി മിക്ക ബിസിനസ്സുകളും പകുതിയോ മുക്കാലോ പ്രവർത്തിക്കുന്ന നിലയിലായിരുന്നു. ടെക്സാസിലെ വലിയൊരു വിഭാഗം ജനങ്ങൾ തൊഴിലില്ലാത്തവരായി മാറി," ഗവർണർ ചൂണ്ടിക്കാട്ടി.
ബിസിനസ്സുകളെല്ലാം മോശമാകുകയും പലരും തങ്ങളുടെ ബില്ലുകൾ അടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയിൽ മാറ്റം വരുത്തുന്നതിനാണ് പൂർണമായി നിയന്ത്രണങ്ങളൾ നീക്കാനുള്ള തീരുമാനം വന്നത്. ലബ്ബോകക് ചേംബർ ഓഫ് കൊമേഴ്സിൽ വെച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പ്രസ്താവന. വലിയ ഹർഷാരവത്തോടെയാണ് കേൾവിക്കാർ ഇതിനെ ഏറ്റെടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണ് അബ്ബോട്ട്.
കോവിഡ് വാക്സിൻ എത്തിക്കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അതിവേഗം കോവിഡ് വാക്സിനേഷൻ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്.