വാഷിങ്ടൻ- വൈറ്റ് ഹൌസ് ബഡ്ജറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് നീര ടണ്ടനെ നിയമിക്കാനുള്ള തീരുമാനത്തിൽ നിന്ന് ജോ ബൈഡൻ പിൻവാങ്ങിയെന്ന് റിപ്പോർട്ട്. ടണ്ടന്റെ മാന്യതയില്ലാത്ത വാക്പ്രയോഗങ്ങൾ പരക്കെ ചർച്ചായതിനു പിന്നാലെയാണ് ഈ തീരുമാനം. ഇന്ത്യൻ വംശജയാണ് ടണ്ടൻ. റിപ്പബ്ലിക്കൻമാർക്കൊപ്പം ഡെമോക്രാറ്റുകളും ടണ്ടന്റെ നിയമനത്തെ എതിർത്തിരുന്നു. സഭാംഗങ്ങളെ അപമാനിക്കുംവിധം നിരവധി ട്വീറ്റുകൾ ഇവർ ചെയ്തിരുന്നത് ചൂണ്ടിക്കാട്ടിയാണ് രണ്ട് കക്ഷികളിലെയും സെൻട്രിസ്റ്റുകൾ എതിർപ്പുമായി രംഗത്തെത്തിയത്.
നോമിനേഷൻ പിൻവലിക്കാനുള്ള ടണ്ടന്റെ അപേക്ഷ താൻ സ്വീകരിച്ചതായി ജോ ബൈഡൻ പ്രസ്താവിച്ചു. "അവരുടെ ഇതുവരെയുള്ള നേട്ടങ്ങളിൽ എനിക്ക് വലിയ മതിപ്പുണ്ട്. അവരുടെ അനുഭവപരിചയവും വലുതാണ്. വരുംനാളുകളിൽ അവരുടെ സേവനം എന്റെ ഭരണകൂടത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," ബൈഡൻ പറഞ്ഞു.
2020 നവംബർ 3നാണ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബഡ്ജറ്റിന്റെ ഡയറക്ടർ സ്ഥാനത്തേക്കുള്ള തന്റെ നോമിനി നീര ടണ്ടൻ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിനു പിന്നാലെ ടണ്ടൻ തന്റെ ആയിരത്തോളം ട്വീറ്റുകൾ ഡിലീറ്റ് ചെയ്തത് വാർത്തയായിരുന്നു. തന്റെ ട്വിറ്റർ ബയോയിൽ നൽകിയിരുന്ന 'പ്രൊഗ്രസ്സീവ്' എന്ന ടാഗ് അവർ നീക്കം ചെയ്തു. പകരം 'ലിബറൽ' എന്ന് ചേർത്തു.
റിപ്പബ്ലിക്കൻ സെനറ്റർമാരെ ആക്രമിച്ചു കൊണ്ടുള്ള ട്വീറ്റുകൾക്ക് അവർ പിന്നീട് ക്ഷമാപണം നടത്തി. മുതിർന്ന റിപ്പബ്ലിക്കൻ സെനറ്ററായ ജോൺ കോർണിൻ ടണ്ടനെ വിശേഷിപ്പിച്ചത് 'റേഡിയോആക്ടീവ്' എന്നായിരുന്നു. ഏറെ ബഹുമാനിക്കപ്പെടുന്ന മുതിർന്ന രാഷ്ട്രീയനേതാവായ ബേണീ സാൻഡേഴ്സിനെ അറിവുകെട്ട വേശ്യ എന്ന് ടണ്ടൻ വിശേഷിപ്പിച്ചതായി സെനറ്റർ ജോൺ കെന്നഡി വെളിപ്പെടുത്തിയതും ഇതിനിടയിൽ വാർത്തയായി.
ബൈഡന്റെ ഏറ്റവും വിവാദപരമായ കാബിനറ്റ് തെരഞ്ഞെടുപ്പ് എന്നാണ് നാഷണൽ പബ്ലിക് റേഡിയോ ടണ്ടനെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബഡ്ജറ്റിലേക്ക് നിയമിക്കാനുള്ള നീക്കത്തെ വിശേഷിപ്പിച്ചത്.