ന്യൂദല്‍ഹി- ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ ഈ വർഷം സാധാരണയിൽക്കവിഞ്ഞ ചൂട് അനുഭവപ്പെട്ടേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാർച്ച് മുതൽ മെയ് വരെയുളള കാലയളവിൽ ഉയർന്ന ചൂട് അനുഭവപ്പെട്ടേക്കാം. അതെസമയം മധ്യ ഇന്ത്യയോട് ചേർന്ന് തുടങ്ങുന്ന തെക്കൻ പ്രദേശങ്ങളിലെല്ലാം ചൂട് സാധാരണയിൽ താഴ്ന്ന നിലയിലായിരിക്കുമെന്നും പ്രവചിക്കുന്നു കാലാവസ്ഥാ വകുപ്പ്.
ഛത്തീസ്ഗഢ്, ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങൾ, ഗോവ, ആന്ധ്രയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ സാധാരണ അനുഭവപ്പെടാറുള്ളതിനെക്കാൾ ഉയർന്ന താപനില അനുഭവപ്പെട്ടേക്കാം.
പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ഡൽഹി, കിഴക്കൻ യൂപി, പടിഞ്ഞാറൻ യുപി, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ ഏതാണ്ട് 0.5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം.
അതെസമയം ദക്ഷിണേന്ത്യയിൽ അൽപം ആശ്വാസമുണ്ടാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്. സാധാരണ ഉണ്ടാകാറുള്ളതിനെക്കാൾ താഴ്ന്ന നിലയിലായിരിക്കും ഇത്തവണത്തെ ചൂട്.