Sorry, you need to enable JavaScript to visit this website.

യെമനിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് 43 കോടി ഡോളർ സൗദി സഹായം

യെമനിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് വിഭവസമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഡോണേഴ്‌സ് കോൺഫറൻസിൽ ഡോ. അബ്ദുല്ല അൽറബീഅ സംസാരിക്കുന്നു. 

റിയാദ്- ഈ വർഷം യെമനിൽ റിലീഫ് പ്രവർത്തനങ്ങൾക്കുള്ള യു.എൻ മാനുഷിക പ്രതികരണ പദ്ധതിയിലേക്ക് സൗദി അറേബ്യ 43 കോടി ഡോളർ സംഭാവന നൽകുമെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. യെമനിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് വിഭവസമാഹരണം ലക്ഷ്യമിട്ട് യു.എന്നും സ്വിറ്റ്‌സർലാന്റും സ്വീഡനും സഹകരിച്ച് വെർച്വൽ രീതിയിൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച ഡോണേഴ്‌സ് കോൺഫറൻസിൽ പങ്കെടുത്താണ് സൗദി സഹായം ഡോ. അബ്ദുല്ല അൽറബീഅ പ്രഖ്യാപിച്ചത്. 


യെമനിലും മേഖലയിലും സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് സുസ്ഥിരമായ രാഷ്ട്രീയ പരിഹാരമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള മുഴുവൻ ശ്രമങ്ങളെയും പിന്തുണക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. അഞ്ചു വർഷത്തിനിടെ സൗദി അറേബ്യ യെമന് 1,700 കോടിയിലേറെ ഡോളറിന്റെ സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. 
യെമന് സഹായം നൽകുന്നതിൽ ഗൾഫ് രാജ്യങ്ങൾ ഏറ്റവും മുൻനിരയിലാണെന്ന് സമ്മേളനത്തിൽ സംസാരിച്ച ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽഹജ്‌റഫ് പറഞ്ഞു. 2006 മുതൽ ഇതുവരെ 2,820 കോടി ഡോളറിന്റെ സഹായങ്ങൾ ഗൾഫ് രാജ്യങ്ങൾ യെമന് നൽകിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂത്തികൾ നടത്തിയ അട്ടിമറിയാണ് യെമനിലെ മാനുഷിക പ്രതിസന്ധിക്ക് കാരണം.

ഹൂത്തികൾ ആക്രമണം രൂക്ഷമാക്കിയത് യെമനിൽ റിലീഫ് പ്രവർത്തനങ്ങൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കുകയും രാഷ്ട്രീയ പരിഹാര ശ്രമങ്ങൾക്ക് വിഘ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നു. ചെങ്കടൽ തീരത്ത് ജീർണാവസ്ഥയിലുള്ള സാഫിർ എണ്ണ ടാങ്കർ പരിശോധിക്കാനും ടാങ്കറിൽ ആവശ്യമായ റിപ്പയറുകൾ നടത്താനും യു.എൻ സാങ്കേതിക സംഘത്തെ അനുവദിക്കാൻ ഇപ്പോഴും ഹൂത്തികൾ വിസമ്മതിക്കുകയാണ്. എണ്ണ ടാങ്കറിലുണ്ടാകുന്ന ദുരന്തം മേഖലക്കു മാത്രമല്ല, ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു വരെ ഭീഷണിയായി മാറും. 
മാരിബിൽ സാധാരണക്കാർക്കും അഭയാർഥികൾക്കും നേരെ രൂക്ഷമായ ആക്രമണങ്ങളാണ് ഹൂത്തികൾ നടത്തുന്നത്. മാരിബ് നിവാസികളെ ഹൂത്തികൾ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. ഇത് യുദ്ധക്കുറ്റമാണ്. തങ്ങളുടെ നിയന്ത്രണങ്ങളിൽ പെട്ട പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ എത്തിക്കുന്ന സഹായങ്ങൾ ഹൂത്തികൾ തട്ടിയെടുക്കുകയാണ്. ഇത് യെമനിൽ ജീവിത സാഹചര്യങ്ങൾ കൂടുതൽ ദുഷ്‌കരമാക്കുന്നു. 


സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം ഹൂത്തികൾ നിരാകരിക്കുകയാണ്. 2014 സെപ്റ്റംബർ 21 മുതൽ ഹൂത്തികളും അവർക്കു പിന്നിലുള്ളവരും യുദ്ധപാത തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത് യെമനിൽ ജനജീവിതം ദുസ്സഹമാക്കി. യെമനിൽ 80 ശതമാനം ജനങ്ങൾക്കും സഹായങ്ങൾ ആവശ്യമാണ്. ജനസംഖ്യയിൽ 2.4 കോടിയിലേറെ പേർ അടിസ്ഥാന വസ്തുക്കളുടെ കുറവ് നേരിടുന്നു. യെമനിലെ 333 ജില്ലകളിൽ 230 ജില്ലകളിലും ജനങ്ങൾ പട്ടിണിയിലാണ്. ഡെങ്കിപ്പനി, പന്നിപ്പനി, കോളറ പോലുള്ള പകർച്ചവ്യാധികളും യെമനിൽ പടർന്നുപിടിക്കുന്നു. രാജ്യത്ത് 30 ലക്ഷത്തിലേറെ പേർ അഭയാർഥികളായിട്ടുണ്ടെന്നും ജി.സി.സി സെക്രട്ടറി ജനറൽ പറഞ്ഞു. 
ഡോണേഴ്‌സ് സമ്മേളനത്തിൽ ആകെ 170 കോടി ഡോളറിന്റെ സഹായ വാഗ്ദാനങ്ങളാണ് ലഭിച്ചത്. പട്ടിണി നേരിടുന്ന 1.6 കോടി യെമനികളെ സഹായിക്കുന്നതിന് 385 കോടി ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ പകുതി പോലും സമാഹരിക്കാൻ സാധിക്കാതെ വന്നതിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിരാശ പ്രകടിപ്പിച്ചു. 

 

Latest News