റിയാദ് - ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി ഇതിനകം 70 ലക്ഷത്തിലേറെ ഡോസ് കൊറോണ വാക്‌സിന്‍ വിതരണം ചെയ്തതായി ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അറിയിച്ചു. ഗള്‍ഫില്‍ കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ സൗദിയിലാണ്. സൗദിയില്‍ രോഗമുക്തി നിരക്ക് 97.6 ശതമാനമാണ്. രോഗമുക്തി നിരക്കില്‍ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയില്‍ രോഗമുക്തി നിരക്ക് 97 ശതമാനമാണ്. ബഹ്‌റൈനില്‍ 94 ശതമാനവും ഖത്തറില്‍ 93.9 ശതമാനവും കുവൈത്തില്‍ 93.8 ശതമാനവും ഒമാനില്‍ 93.6 ശതമാവുമാണ് കൊറോണ ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക്.
കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ 13,92,121 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 13,32,962 പേര്‍ രോഗമുക്തി നേടി. 11,108 പേര്‍ കൊറോണ ബാധിച്ച് മരണപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ ആകെ 71,74,915 ഡോസ് കൊറോണ വാക്‌സിനുകളാണ് വിതരണം ചെയ്തതെന്നും ഗള്‍ഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പറഞ്ഞു.
സൗദിയില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴേക്കും ശക്തമായ നടപടികളിലൂടെ രോഗവ്യാപനം വലിയ തോതില്‍ നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തിന് സാധിച്ചു. 2020 മാര്‍ച്ച് രണ്ടിനാണ് സൗദിയില്‍ ആദ്യത്തെ കൊറോണ കേസ് കണ്ടെത്തിയത്. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ സൗദി പൗരനാണ് രാജ്യത്ത് ആദ്യമായി കൊറോണബാധ സ്ഥിരീകരിച്ചത്.
ഇതിനു ശേഷം സൗദിയില്‍ കൊറോണ കേസുകള്‍ അനുദിനമെന്നോണം വര്‍ധിച്ചുവന്നു. പ്രതിദിന കേസുകള്‍ 5,000 വരെയായി ഉയര്‍ന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും പ്രതിദിന കേസുകള്‍ 300 നും 400 നും ഇടയില്‍ പിടിച്ചുനിര്‍ത്താന്‍ സൗദി അറേബ്യക്ക് സാധിച്ചു. വിസ്തീര്‍ണത്താലും ജനസംഖ്യയിലും ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ പ്രതിദിന കൊറോണ കേസുകള്‍ താതരമ്യേന കുറവാണ്. രണ്ടു മാസം മുമ്പ് സൗദിയില്‍ പ്രതിദിന കൊറോണ കേസുകള്‍ 100 ന് അടുത്തായി കുറഞ്ഞിരുന്നു. പിന്നീട് കേസുകള്‍ വീണ്ടും വര്‍ധിച്ചു. ഇതോടെ മുന്‍കരുതല്‍ നടപടികള്‍ രാജ്യം വീണ്ടും കര്‍ക്കശമാക്കി.
രാജ്യത്ത് കൊറോണ വാക്‌സിന്‍ യജ്ഞം ശക്തമാക്കുകയും അനുദിനം പുതിയ വാക്‌സിന്‍ സെന്ററുകള്‍ തുറന്നുകൊണ്ടിരിക്കുകയുമാണ്. ഏതാനും പ്രധാന നഗരങ്ങളില്‍ ഡ്രൈവ് ത്രൂ വാക്‌സിന്‍ സെന്ററുകളും ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. സൗദിയില്‍ ഇതിനകം ഏഴു ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ഫൈസര്‍-ബയോന്‍ടെക്, അസ്ട്രാസെനിക്ക വാക്‌സിനുകളാണ് സൗദിയില്‍ ഉപയോഗിക്കുന്നത്. മറ്റു നാലു വാക്‌സിനുകള്‍ക്കു കൂടി അംഗീകാരം നല്‍കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വെളിപ്പെടുത്തിയിട്ടുണ്ട്.