Sorry, you need to enable JavaScript to visit this website.

സംസം കിണറിനകത്ത് കണ്ട ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിച്ച എന്‍ജിനീയര്‍ യഹ്‌യ കുശ്ക് അന്തരിച്ചു

മക്ക - സംസം കിണര്‍ എന്‍ജിനീയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ. യഹ്‌യ ഹംസ കുശ്ക് അന്തരിച്ചു. 80 വയസായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഡോ. യഹ്‌യ കുശ്ക് അന്ത്യശ്വാസം വലിച്ചത്. പടിഞ്ഞാറന്‍ മേഖലാ ജല, മലിനജല വകുപ്പ് മേധാവി, മക്ക നഗരസഭ അണ്ടര്‍ സെക്രട്ടറി, ആഭ്യന്തര മന്ത്രാലയത്തില്‍ നഗരസഭാ കാര്യങ്ങള്‍ക്കുള്ള സിവില്‍ എന്‍ജിനീയര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാലു ദശകത്തിലേറെ മുമ്പ് സംസം കിണര്‍ വൃത്തിയാക്കിയ സംഘത്തിന് നേതൃത്വം നല്‍കിയത് ഡോ. യഹ്‌യ കുശ്ക് ആയിരുന്നു. സംസം വെള്ളത്തെ കുറിച്ച് കൃതി രചിച്ച ഡോ. യഹ്‌യ കുശ്ക് ശുചീകരണ യജ്ഞത്തിനിടെ സംസം കിണറിനകത്ത് കണ്ട ദൃശ്യങ്ങള്‍ തന്റെ പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണ് ഡോ. യഹ്‌യ കുശ്കിന്റെ നേതൃത്വത്തില്‍ അന്ന് സംസം കിണര്‍ വൃത്തിയാക്കിയത്. മക്കയിലെയും സൗദിയിലെ മറ്റു ചില നഗരങ്ങളിലെയും നീരുറവകളുമായും ഇവയുടെ ഒഴുക്കുമായും ബന്ധപ്പെട്ട് ഡോ. യഹ്‌യ കുശ്ക് ഏതാനും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 1971 ല്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് പരിസ്ഥിതി എന്‍ജിനീയറിംഗില്‍ ഇദ്ദേഹം ഡോക്ടറേറ്റ് നേടിയത്.
ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തുനിന്നുള്ള വിടവില്‍ നിന്നാണ് സംസം കിണറില്‍ പ്രധാനമായും വെള്ളം എത്തുന്നതെന്ന് ഹിജ്‌റ 1400 ല്‍ സംസം കിണര്‍ വൃത്തിയാക്കുന്നതിന്റെ ദൗത്യം ഏല്‍പിക്കപ്പെട്ട സംഘത്തിന്റെ നേതാവായിരുന്ന എന്‍ജിനീയര്‍ യഹ്‌യ കുശ്ക് തന്റെ കൃതിയില്‍ വെളിപ്പെടുത്തുന്നു. വിശുദ്ധ ഹറമില്‍ ബാങ്കും ഇഖാമത്തും വിളിക്കുന്ന ഭാഗത്തിന്റെ ദിശയിലുള്ള ഉറവയാണ് രണ്ടാമത്തെ ഏറ്റവും വലിയ ജല സ്രോതസ്സ്. ഇതിനു പുറമെ കിണര്‍ കെട്ടിയ കല്ലുകള്‍ക്കിടയിലെ ചെറുദ്വാരങ്ങളില്‍ നിന്നും കിണറില്‍ വെള്ളം എത്തുന്നു. ഇതില്‍ ചിലത് സ്വഫയില്‍ അബൂഖുബൈസ് മലയുടെ ദിശയിലും മറ്റു ചിലത് മര്‍വ ദിശയിലുമാണ്. സംസം കിണറിലെ ജലവിതാനം നാലു മീറ്റര്‍ താഴ്ചയിലാണ്. കിണറിലേക്കുള്ള ഉറവകളുടെ പ്രവാഹമുള്ളത് 13 മീറ്റര്‍ താഴ്ചയിലാണ്.
1400 ല്‍ നാലു ശക്തമായ മോട്ടോറുകള്‍ ഉപയോഗിച്ച് മിനിറ്റില്‍ 8,000 ലിറ്റര്‍ തോതില്‍ കിണറിലെ വെള്ളം അടിച്ചൊഴിവാക്കാന്‍ തുടങ്ങിയപ്പോള്‍ ചെവിയടക്കുന്ന ശബ്ദത്തില്‍ ഉറവകളില്‍ നിന്ന് കിണറില്‍ വെള്ളം പതിക്കുന്ന ശബ്ദം കേട്ടതായി എന്‍ജിനീയര്‍ യഹ്‌യ കുശ്ക് തന്റെ കൃതിയില്‍ പറയുന്നു. ഹറമിനു സമീപത്തെ മലകളിലെ തുരങ്ക നിര്‍മാണങ്ങളും സമീപത്ത് അംബര ചുംബികളായ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ആഴത്തില്‍ സ്ഥാപിച്ച അടിത്തറകളും സംസം വെള്ളത്തിന്റെ ജൈവഘടനയെ ഒരുനിലക്കും ബാധിച്ചിട്ടില്ലെന്ന് മക്ക ജല വകുപ്പ് മുന്‍ മേധാവി കൂടിയായ ഡോ. യഹ്‌യ കുശ്ക് രേഖപ്പെടുത്തി.

 

 

Latest News