ഭോപാല്‍- വനിതാ മജിസ്ട്രേറ്റിന് ഇമെയിലായും സ്പീഡ് പോസ്റ്റായും പിറന്നാൾ സന്ദേശമയച്ച അഭിഭാഷകൻ ജയിലിൽ. മധ്യപ്രദേശിലെ രത്‍ലാമിലാണ് സംഭവം. ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസിന് ഒരു അഭിഭാഷകൻ പിറന്നാൾ ആശംസകൾ അറിയിക്കുകയായിരുന്നു. അഭിഭാഷകൻ ഇത് അൽപം ആർഭാടമായാണ് നിർവ്വഹിച്ചത്. ഇമെയിലായും തപാലിലും ആശംസയറിയിച്ചു.
സന്ദേശം തയ്യാറാക്കാൻ വനിതാ ജഡ്ജിയുടെ ഫേസ്ബുക്ക് അക്കൌണ്ടിലെ പ്രൊഫൈൽ ചിത്രം ഡൌൺലോഡ് ചെയ്യുകയും ചെയ്തു. പിറന്നാൾ സന്ദേശം മനോഹരമായി ഡിസൈൻ ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. തപാലിൽ സ്പീഡ് പോസ്റ്റായാണ് സന്ദേശം അയച്ചത്.
അറസ്റ്റിലായ വിജയ് സിങ് യാദവ് എന്ന അഭിഭാഷകന് ഭാര്യയും നാല് കുട്ടികളുമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. രത്‍ലം ജില്ലാക്കോടതിയിലെ സിസ്റ്റം ഓഫീസർ മഹേന്ദ്ര സിങ് ചൌഹാനാണ് ഔദ്യോഗികമായി ഈ പരാതി പൊലീസിന് നൽകിയത്. ഐടി ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. സ്റ്റേഷൻ റോഡ് പൊലീസ് സ്റ്റേഷനിഷ ഫെബ്രുവരി 8ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
യാദവിന്റെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളിയിട്ടുണ്ട്. താൻ ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിലും, ജയ് കുൽ സേവാ സമിതി സ്ഥാപക പ്രസിഡണ്ടെന്ന നിലയിലുമാണ് പിറന്നാൾ സന്ദേശം അയച്ചതെന്ന് യാദവ് പറയുന്നു. താനൊരു ക്രിയേറ്റീവ് ഡിസൈനറാണെന്നും അതിന്റെ പ്രേരണകൂടി സന്ദേശം അയച്ചതിനു പിന്നിലുണ്ടെന്നും ഈ ആവശ്യത്തിനാണ് ഫേസ്ബുക്കിൽ നിന്ന് സന്ദേശം ഡൌൺലോഡ് ചെയ്തതെന്നും യാദവ് വാദിക്കുന്നു.