ലക്‌നൗ- പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവച്ചു കൊന്നു യു.പിയിലെ ഹാഥ്‌റസിലാണ് സംഭവം. 2018ൽ നടന്ന പീഡനക്കേസിലെ പ്രതി, ഗൗരവ് ശർമയും ബന്ധുക്കളുമാണ് കൊലയ്ക്കു പിന്നിൽ. മകളെ ശല്യപ്പെടുത്തിയതിന് ഗൗരവ് ശർമയ്‌ക്കെതിരെ കൊല്ലപ്പെട്ടയാൾ നൽകിയ പരാതിയിൽ ഗൗരവ് ഒരു മാസം ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. തിങ്കളാഴ്ച വൈകിട്ടുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്.
സംഭവത്തിൽ ഗൗരവിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. ഇതിനിടെ, പീഡനത്തിന് ഇരയായ പെൺകുട്ടി, നീതി അഭ്യർഥിച്ചുകൊണ്ടുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചു.
'ദയവായി എനിക്ക് നീതി തരൂ .... ആദ്യം അയാൾ എന്നെ ഉപദ്രവിച്ചു, ഇപ്പോൾ എന്റെ പിതാവിനെ വെടിവച്ചു കൊന്നു. അയാൾ ഞങ്ങളുടെ ഗ്രാമത്തിൽ വന്നിരുന്നു. ആറ്, ഏഴ് പേർ ഉണ്ടായിരുന്നു. എന്റെ അച്ഛന് ആരോടും ശത്രുതയില്ലായിരുന്നു. അവന്റെ പേര് ഗൗരവ് ശർമ എന്നാണെന്നും പെൺകുട്ടി വിഡിയോയിൽ പറയുന്നു.