ന്യൂദല്‍ഹി- കിഴക്കന്‍ ലഡാക്കില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കുകളില്ലാതെ ചൈന. ഇന്ത്യയുടെ 20 ജവാന്‍മാരാണ് കഴിഞ്ഞ ജൂണില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയും ചൈനയുമായി സൈനിക, നയതന്ത്ര തലത്തില്‍ പലവട്ടം നടന്ന ചര്‍ച്ചകളില്‍ കൊല്ലപ്പെട്ട ജവാന്‍മാരുണം എണ്ണം സംബന്ധിച്ച് പലവിധ കണക്കുകളാണ് ചൈന ഉന്നയിച്ചത്. അനൗദ്യോഗികമായി നല്‍കിയ കണക്കുകള്‍ അനുസരിച്ച് അഞ്ചു മുതല്‍ പതിനാല് സൈനികര്‍ വരെ കൊല്ലപ്പെട്ടിരിക്കാം എന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍, ഔദ്യോഗികമായി ചൈന നാല് സൈനികര്‍ കൊല്ലപ്പെട്ടതായാണ് കഴിഞ്ഞ മാസം അംഗീകരിച്ചത്. ഇവര്‍ക്ക് മരാണാന്തര സൈനിക ബഹുമതിയും നല്‍കിയിരുന്നു.
ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയുടെ അധീന പ്രദേശമായ വൈ ജംഗ്ഷനിലാണ് സംഘര്‍ഷം ഉണ്ടായത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അതിര്‍ത്തി കടന്ന് കയറി വരികയായിരുന്നു. സംഘര്‍ഷത്തില്‍ എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന് ഇന്ത്യന്‍ സേനയ്ക്കും വ്യക്തമല്ല.