ബെംഗളൂരു- 19 ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടുള്ള ഐ.എസ്.ആര്‍.ഒയുടെ വിക്ഷേപണ ദൗത്യം വിജയകരം. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ വണ്ണും മറ്റ് 18 ചെറുഉപഗ്രഹങ്ങളുമാണ് പി.എസ്.എല്‍.വി.സി 51 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യന്‍ പൗരന്മാരുടെ പേരുകളും ഉപഗ്രങ്ങളില്‍ ബഹാരാകാശത്തേക്ക് അയച്ചിട്ടുണ്ട്.
ഇന്‍ സ്‌പേസിന്റെ (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) നാലും എന്‍.എസ്.ഐ.എലിന്റെ (ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്) 14ഉം ഉപഗ്രഹങ്ങളാണ് ആമസോണിയഒന്നിനൊപ്പം വിക്ഷേപിച്ചത്.
ഇന്‍ സ്‌പേസിന്റെ നാല് ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്‌സ് ഇന്ത്യ നിര്‍മിച്ച 'സതീഷ് ധവാന്‍ ഉപഗ്രഹ'വും (എസ്.ഡി. സാറ്റ്) ഉള്‍പ്പെടും. ഈ ഉപഗ്രഹത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രവും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 25,000ത്തോളം വ്യക്തികളുടെ പേരുകളും ഉള്‍പ്പെടുത്തിയത്.